

തിരുവനന്തപുരം: എക്സിലെ തന്റെ ഫോളോവർമാരുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് ശശി തരൂർ എംപി. 84 ലക്ഷം ഫോളോവര്‍മാരാണ് അദ്ദേഹത്തിന് എക്‌സിലുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഫോളോവര്‍മാരുടെ എണ്ണം 84 ലക്ഷം (8.4 മില്യണ്‍) എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇതേ സംബന്ധിച്ചാണ് ശശി തരൂർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഭരത് തിവാരി എന്ന യൂസറുടെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഓരോ ദിവസവും നിരവധി പേര്‍ പുതുതായി ഫോളോവര്‍മാരായി എത്തുമ്പോഴും എന്തുകൊണ്ടാണ് ശശി തരൂരിന്റെ ഫോളോവര്‍മാരുടെ എണ്ണം 8.4 മില്യണായി തുടരുന്നത് എന്ന് ഭരത് തിവാരി എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനേയും എക്‌സ് ഇന്ത്യയേയും ടാഗ് ചെയ്തു കൊണ്ട് ചോദിക്കുകയായിരുന്നു. നാല് വര്‍ഷമായി താനും ഇത് ശ്രദ്ധിക്കുന്നുണ്ടെന്ന് തരൂര്‍ ഭരതിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.
"പഴയ ട്വിറ്റര്‍ ഇന്ത്യയിലെ ഒരാള്‍ എന്നോട് പറഞ്ഞത് എന്തോ പ്രശ്‌നമുണ്ട്, എന്നാല്‍ അത് എന്താണെന്ന് മനസിലാകുന്നില്ല എന്നാണ്. അയാള്‍ ആറ് മാസത്തെ എന്റെ പ്രതിദിന സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിച്ചു. ഓരോ ദിവസവും ആയിരത്തോളം പുതിയ ഫോളോവര്‍മാര്‍ ഉണ്ടാകുന്നതായും 60-70 പേര്‍ അണ്‍ഫോളോ ചെയ്യുന്നതായും അദ്ദേഹം കണ്ടെത്തി. എന്നാല്‍ എന്റെ ഫോളോവര്‍മാരുടെ എണ്ണം 8.495 മില്യണിന് മുകളില്‍ പോയതായി കാണിക്കുന്നില്ല." -ശശി തരൂര്‍ പറഞ്ഞു.
"എന്റെ അക്കൗണ്ട് ഫോളോ ചെയ്യാനായി ആര്‍ക്കും 'സജസ്റ്റ്' ചെയ്യപ്പെടുന്നില്ല. എന്റെ പോസ്റ്റുകള്‍ ഭൂരിഭാഗവും തങ്ങളുടെ ടൈംലൈനില്‍ കാണാന്‍ കഴിയുന്നില്ല എന്ന് നിരവധി പേര്‍ എന്നോട് പറഞ്ഞു. എനിക്കുമേല്‍ നിഴല്‍ നിരോധനമാണോ എന്ന് ഞാന്‍ അമ്പരന്നു. അൽഗോരിതത്തിലുള്ള എന്തെങ്കിലും പ്രശ്നമായിരിക്കുമെന്ന് കരുതി. മൂന്നു വര്‍ഷത്തിനുശേഷം, 'എക്‌സ്' ആയതിന് ശേഷവും ഇതിലൊരു മാറ്റവുമുണ്ടാകാത്തതിനാല്‍ ഞാന്‍ ഇക്കാര്യം അന്വേഷിച്ചു കൊണ്ട് ഇലോണ്‍ മസ്‌കിന് കത്തെഴുതി.
ഒരു അഭിഭാഷകന്റെ കത്താണ് എനിക്ക് മറുപടിയായി ലഭിച്ചത്. അങ്ങനെയൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല എന്ന കോര്‍പ്പറേറ്റ് മറുപടിയാണ് എനിക്ക് ലഭിച്ചത്. ഞാന്‍ കത്തയച്ചതിനു ശേഷം ആകെയുണ്ടായ പ്രായോഗികമായ പരിണിതഫലം എന്താണെന്നാല്‍, എന്റെ ഫോളോവര്‍മാരുടെ എണ്ണം ഓരോ ദിവസവും ക്രമരഹിതമായി കുറയാന്‍ തുടങ്ങി. 8.495 മില്യണില്‍ നിന്ന് കുറഞ്ഞ് ഇന്ന് അത് 8.429 മില്യണാണ്." -ശശി തരൂര്‍ പറഞ്ഞു.
ഗുരുതരമായ എന്തോ പ്രശ്‌നം ഉണ്ടെന്നും എക്‌സ് ഇന്ത്യയിലുള്ളവര്‍ അത് ശ്രദ്ധിക്കുന്നേയില്ല എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കുകയും തന്നോട് ചോദിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് ഒടുവില്‍ താന്‍ ഇക്കാര്യം പരസ്യമായി പറയാന്‍ തീരുമാനിച്ചത്. ഇങ്ങനെ പരസ്യമായി പറയുന്നതുകൊണ്ട് എക്‌സ് ഇന്ത്യയിലെ ഉത്തരവാദിത്വമുള്ള ആരെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചേക്കാമെന്നും എന്നാല്‍ താന്‍ അതിനായി കാത്തിരിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates