'സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ബിജെപിക്കില്ലാത്ത അസ്വസ്ഥത സിപിഎമ്മിന്; മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാന്‍'

ആര്‍എസ്എസ് നേതാവിനെ കണ്ണൂരില്‍ സിപിഎമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചപ്പോള്‍ എവിടെപ്പോയി ബാബറി മസ്ജിദ് രാഷ്ട്രീയം?
vd satheesan
വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം ഫെയ്‌സ്ബുക്ക്
Published on
Updated on

കൊച്ചി : ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥതപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്‌നമാണ് സിപിഎമ്മിന്, പിണറായി വിജയന്‍ സാദിഖലി തങ്ങളെ വിമര്‍ശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപിക്കാര്‍ മറ്റൊരു പാര്‍ട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും സതീശന്‍ ചോദിച്ചു.സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. സന്ദീപ് വാര്യരെ ഒരിക്കലും പിന്നില്‍ നിര്‍ത്തില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആര്‍എസ്എസുകാര്‍ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്?. കോണ്‍ഗ്രസില്‍ നിന്നും ആരെങ്കിലും ബിജെപിയില്‍ ചേര്‍ന്നാല്‍ അതില്‍ സന്തോഷിക്കുകയും, കോണ്‍ഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍, ബിജെപിയിലെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അസ്വസ്ഥപ്പെടുന്നത് എന്തിനാണ്?. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.

സന്ദീപ് വാര്യര്‍ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റല്‍ ക്ലിയറാണ് എന്നൊക്കെ പറഞ്ഞത് സിപിഎം നേതാക്കളാണ്. അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറി വരെ പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തതിനാല്‍ ഇയാള്‍ വലിയ കുഴപ്പക്കാരനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. മന്ത്രി എംബി രാജേഷിന്റെ കാപട്യം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുകയാണ് എന്നും വിഡി സതീശന്‍ പറഞ്ഞു.

സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയതയുടെ കാളിയന്‍ ആണെന്നാണ് മന്ത്രി രാജേഷ് പറഞ്ഞത്. സിപിഎമ്മില്‍ ചേര്‍ന്നിരുന്നെങ്കിലോ?. നേരത്തെ സന്ദീപിനെ സ്വാഗതം ചെയ്തവരാണ്. മന്ത്രിമാരെല്ലാം ഇഷ്ടിക ബുദ്ധിജീവികളായി. നിന്ന നില്‍പ്പിലാണ് മന്ത്രിമാര്‍ അഭിപ്രായം പറയുന്നത്. സിപിഎം പ്രവര്‍ത്തകരെ കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവിനെ കണ്ണൂരില്‍ പിണറായി വിജയന്‍ സിപിഎമ്മിലേക്ക് മാലയിട്ടു സ്വീകരിച്ചല്ലോ. അപ്പോള്‍ ബാബറി മസ്ജിദ് രാഷ്ട്രീയവും മതേതര രാഷ്ട്രീയവുമെന്നും എവിടെപ്പോയിയെന്നും വിഡി സതീശന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com