

കണ്ണൂര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത് മതത്തില്‍ കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. തങ്ങള്‍ക്കെതിരെ പിണറായി പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനമാണ് ലീഗ് നേതൃത്വം നടത്തുന്നത്. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചില ആളുകള്‍ നടത്തുന്നു. സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ സിപിഎം രാഷ്ട്രീയമായ വിമര്‍ശനമാണ് നടത്തിയത്.
ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കല്‍ പാളയത്തിലാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് ഉള്ളത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തിയത്. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മതവികാരം ആളിക്കത്തിക്കാന്‍ നടത്തുന്ന ലീഗിന്റെ പ്രവര്‍ത്തനം മതനിരപേക്ഷ മനസ്സുള്ള ജനങ്ങളും വോട്ടര്‍മാരും മനസ്സിലാക്കണമെന്നും പാര്‍ട്ടി സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ആര്‍എസ്എസിന്റെയും ബിജെപിയുടേയും സമുന്നത നേതാവായ സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ആര്‍എസ്എസിന്റെ ഭാഗമായി തികഞ്ഞ വര്‍ഗീയ പ്രചാരവേല സംഘടിപ്പിച്ചയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി വധം, ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ദീപ് വാര്യര്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പെയ്ഡ് ന്യൂസാണ് നല്‍കിയതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. ഉത്തരേന്ത്യയിലൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായതുപോലെ, പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലേക്ക് കേരളം മാറുന്നു എന്നത് സംസ്ഥാനത്തെ സംബന്ധിച്ചും മതനിരപേക്ഷ ഉള്ളടക്കത്തെ സംബന്ധിച്ചും അപകടകരമായ അവസ്ഥയാണ്. പാലക്കാട് 2500 ഓളം കള്ള വോട്ടും ഇരട്ട വോട്ടും അടക്കം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വോട്ടു ചേര്‍ക്കാന്‍ ഒത്താശ നല്‍കിയ ബിഎല്‍ഒമാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കലിന്റെ വേറൊരു ഭാഗമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates