കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ മുന്നില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായ പി ആര്‍ വിഷ്ണുവിനോട് ക്ഷേത്രത്തില്‍ എത്തിയ ജയേഷ് എന്നയാള്‍ ജാതി ചോദിച്ച് അപമാനിക്കുകയായിരുന്നു. സംഭവത്തില്‍ തത്തപ്പിള്ളി മഞ്ജിമ വീട്ടില്‍ കെഎസ് ജയേഷിനെതിരെ പറവൂര്‍ പൊലീസ് കേസെടുത്തു.
വഴിപാടിന്റെ പ്രസാദം വാങ്ങാനായി അടുത്തെത്തിയ ജയേഷ് വിഷ്ണുവിനോട് ഏത് ജാതിയില്‍പ്പെട്ടയാളാണെന്ന് ചോദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന് വിഷ്ണു മറുപടി നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോട് വിഷ്ണുവിന്റെ ജാതി സംബന്ധിച്ച് ജയേഷ് മോശമായ ഭാഷയില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. പൂജ നടത്തുന്നത് ബ്രാഹ്മണനല്ലെങ്കില്‍ വഴിപാട് പ്രസാദം വാങ്ങാന്‍ എത്തില്ലെന്നും ജയേഷ് പറഞ്ഞു.
നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ ഉള്ള സമയത്തായിരുന്നു സംഭവം. മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി ജാതി ചോദിച്ച് അധിക്ഷേപിച്ചത് മാനസികമായി ഏറെ വിഷമിപ്പിച്ചന്നെ് ചൂണ്ടിക്കാട്ടി വിഷ്ണു പറവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതിന് കെഎസ് ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക