കൊല്ലം: കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.
അന്നേദിവസം രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ തൃശൂരില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് ഐശ്വര്യയുള്ളത്.
കുട്ടിയെ ഉടന്‍ തന്നെ തൃശൂരില്‍ വച്ച് കൊല്ലത്തേക്ക് കൊണ്ടുവരും. ഇതിനായി കരുനാഗപ്പള്ളി പൊലീസ് തൃശൂരിലേക്ക് തിരിച്ചു. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
മകളെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയപ്പോലെയെന്ന് അമ്മ ഷീജ പദ്മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക