കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് പൊലീസിന്റെ നിഗമനം. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട് വിട്ടതെന്നാണ് സൂചന.
പെണ്‍കുട്ടി സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറയുന്നു. കുഴിത്തുറ മരിയ്ക്കാശ്ശേരി വീട്ടില്‍ ഐശ്വര്യ അനിലിനെയാണ് കാണാതായത്. നവംബര്‍ 18, തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഐശ്വര്യയെ കാണാതായി എന്നാണ് പൊലീസില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വീട്ടിലിരുന്ന് ഓണ്‍ലൈനായി എന്‍ട്രന്‍സ് പരിശീലനം നടത്തിവരികായിയരുന്നു ഐശ്വര്യ. കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടിരുന്ന ഐശ്വര്യയ്ക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ട്രെയിന്‍ കയറി പോയതായും വിവരങ്ങളുണ്ട്. എന്നാല്‍ ഏതുഭാഗത്തേക്ക് പോയി എന്നതിനെക്കുറിച്ച് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി പൊലീസ് വ്യക്തത നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
ഐശ്വര്യയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയാണ്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക