പെട്രോളും കൊടുവാളുമായി എത്തി, അരങ്ങേറിയത് അരും കൊല; പൊലീസുകാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പിടിയില്‍

ഒളിവില്‍ പോയ ഭർത്താവ് രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്
Husband arrested
മരിച്ച ദിവ്യശ്രീ, അറസ്റ്റിലായ ഭര്‍ത്താവ് രാജേഷ്
Published on
Updated on

കണ്ണൂർ: പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊല നടത്താനായി പെട്രോളും കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെ കഴുത്തിനു വെട്ടുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. ഇതു തടയാൻ വന്ന പിതാവ് വാസുവിന് കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ദിവ്യശ്രീ വീട്ടില്‍ മടങ്ങിയെത്തിയത്. കൊല നടന്ന ദിവസം കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് പരിഗണിച്ചിരുന്നു. നേരത്തെയും രാജേഷ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് കേസുണ്ട്.

കുടുംബ കോടതിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വൈകീട്ടാണ് രാജേഷിന്റെ അക്രമം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രണയ വിവാഹിതരായ ദിവ്യശ്രീയും രാജേഷും കുറച്ചു കാലമായി അകന്നാണ് കഴിയുന്നതെന്നാണ് വിവരം. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്.

റിട്ട. മിലിറ്ററി ഇന്റലിജന്‍സ് സര്‍വിസ് ഉദ്യോഗസ്ഥനാണ് പിതാവ് കെ വാസു. രാജേഷ് നേരത്തെ ടാക്സി ഡ്രൈവറായിരുന്നു. പരേതയായ റിട്ട. ജില്ലാ നഴ്‌സിങ് ഓഫിസര്‍ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ചെറുപുഴ). മകന്‍: ആശിഷ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).

പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com