കൊച്ചി: മുനമ്പത്തെ തര്‍ക്ക ഭൂമി സര്‍ക്കാരിന് ഏറ്റെടുത്ത് വാങ്ങിയവര്‍ക്ക് കൈമാറാന്‍ അധികാരമുണ്ടെന്ന് മുന്‍ ജഡ്ജി എം എ നിസാര്‍. 'ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വഖഫ് നിയമത്തിലെ സെക്ഷന്‍ 91 പ്രയോഗിക്കുന്നത് മുനമ്പം പ്രശ്‌നത്തിന് പ്രായോഗിക പരിഹാരമാകുമെന്ന് മുന്‍ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയുമായിരുന്ന നിസാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ സര്‍ക്കാര്‍ സര്‍വേ നടത്തണം. ഭൂമി വാങ്ങിയ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കുറച്ച് ഏക്കര്‍ മാത്രം മതിയാകും. അവര്‍ക്ക് സ്ഥിരം പട്ടയം നല്‍കണം. സംഭവിച്ച നഷ്ടത്തിന്, നഷ്ടപരിഹാരം ഫാറൂഖ് കോളജ് മാനേജ്മെന്റില്‍ നിന്ന് ഈടാക്കണം, കാരണം അവര്‍ ചെയ്തത് ക്രിമിനല്‍ വിശ്വാസ ലംഘനമാണ്. നിസാര്‍ പറഞ്ഞു.
വഖഫ് ഭൂമി ബോധപൂര്‍വം വില്‍ക്കുകയും അതുവഴി മുനമ്പത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സൃഷ്ടിച്ച കോളജ് മാനേജ്മെന്റിനെതിരെ ക്രിമിനല്‍, സിവില്‍ നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാറൂഖ് കോളേജ് മാനേജ്മെന്റ് നടത്തിയ വില്‍പ്പനയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. വിറ്റ പണം എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. മാനേജ്‌മെന്റിന് ഈ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല. അവര്‍ക്കാണ് ഇതിന് ഉത്തരവാദിത്തം. പ്രദേശത്ത് ഭൂമി കയ്യേറിയ റിസോര്‍ട്ട് മാഫിയയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിസാര്‍ ആവശ്യപ്പെട്ടു.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് ഹൈക്കോടതി ശരിവച്ചതോടെ, തന്റെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് നിസാര്‍ പറഞ്ഞു. അതില്‍ ഇനി കരഞ്ഞിട്ട് കാര്യമില്ല. ഹൈക്കോടതി ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് നിയമപരമായ പരിഹാരമെന്നും നിസാര്‍ പറഞ്ഞു.
ഭൂമി ഇഷ്ടദാനമായി നല്‍കിയതാണെന്ന ഫാറൂഖ്കോ ളജ് മാനേജ്മെന്റിന്റെ വാദം നിയമപരമായി നിലനില്‍ക്കില്ല. വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് നിയമപരമായ വഴികളിലൂടെ മാനേജ്മെന്റ് നേരത്തെ അന്യാധീനപ്പെട്ട കുറേ ഭൂമി തിരിച്ചുപിടിച്ചിരുന്നു. 1990-ന് ശേഷം ഭൂമിയുടെ ഒരു ഭാഗം വിറ്റതിന് ശേഷമാണ്, മാനേജ്മെന്റ് ഇത് ഇഷ്ടദാനമാണെന്ന അവകാശവാദം ഉയര്‍ത്തുന്നത്. നിസാര്‍ പറഞ്ഞു.
''വഖഫ് സ്വത്തുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു, റിപ്പോര്‍ട്ടുകളില്‍ ഒന്ന് മാത്രമാണ് മുനമ്പം.'' അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളും, വേണ്ടത്ര അവധാനതയോടെ പരിശോധിക്കാതെയാണ് അന്തിമനിഗമനത്തില്‍ എത്തിയതെന്ന വാദവും നിസാര്‍ നിരസിച്ചു. ''ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കാന്‍ ശ്രമിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,'' എന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് നിസാറിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചതോടെ, തങ്ങള്‍ താമസിച്ചു വന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി മുനമ്പത്തെ 615 ഓളം കുടുംബങ്ങളാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക