'ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല, സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കൂടി'

'ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്.ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല'
BJP candidate C Krishnakumar reacts to election defeat
സി കൃഷ്ണകുമാര്‍ ടി വി ദൃശ്യം
Published on
Updated on

പാലക്കാട്: പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്നും ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങള്‍ മാറ്റും. തെറ്റുകള്‍ വന്നെങ്കില്‍ അത് തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും. ജനകീയ അടിത്തറ വിപുലീകരിക്കാനുള്ള നടപടി സ്വീകരിക്കും.

2026 ല്‍ പാലക്കാട് മണ്ഡലം ബിജെപി പിടിക്കും. ബിജെപിയുടെ സിറ്റിങ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. പാലക്കാട്ടെ ഫലത്തില്‍ ഒരു വാര്യരും ഒരു നായരും ബാധകമല്ല. ഇത് വാര്യര്‍ എഫക്ട് അല്ല. സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കുറയുകയല്ല, കൂടുകയാണുണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി. ബിജെപി ജയിച്ചാല്‍ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. വിഡി സതീശന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ആര്‍മി എന്ന പേരില്‍ പ്രത്യേകം പ്രചാരണം നടത്തി. വിജയിച്ച രാഹുലിന് ആശംസകള്‍. മുന്‍ എംഎല്‍എ ബാക്കിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ എങ്കിലും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com