വടകര ഡീലിന്റെ തുടര്‍ച്ച, സന്ദീപ് വാര്യര്‍ ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലം; എ കെ ബാലന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വര്‍ഗീയതയുടെ വിജയമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍
A K BALAN AGAINST UDF
എ കെ ബാലന്‍ ഫയൽ
Published on
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വര്‍ഗീയതയുടെ വിജയമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വടകര ഡീലിന്റെ തുടര്‍ച്ചയാണ് അവിടെ നടന്നത്. ആര്‍എസ് എസും യുഡിഎഫും തമ്മിലുള്ള പാലമാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വടകര ഡീലിനെ കൂറിച്ച ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. കെ മുരളീധരനെ ലോക്‌സഭയിലും എത്തിക്കാന്‍ പാടില്ല. നിയമസഭയിലും എത്തിക്കാന്‍ പാടില്ല. ആ ഡീലിന്റെ ഭാഗമായിട്ടാണ് തൃശൂരില്‍ കെ മുരളീധരന്‍ തോറ്റതും പാലക്കാട് മത്സരിക്കണമെന്ന പാലക്കാട് ഡിസിസിയുടെ ശുപാര്‍ശക്കത്ത് എഐസിസി അംഗീകരിക്കാതിരുന്നതും. ഇതിന്റെ തുടര്‍ച്ചയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസിന്റെ ഒരു നേതാവ് യുഡിഎഫില്‍ നിന്ന് കൊണ്ട് ആര്‍എസ്എസില്‍ നിന്ന് വിട പറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസിന്റെ ഒരു വിഭാഗവും യുഡിഎഫും തമ്മിലുള്ള പാലമായിരുന്നു സന്ദീപ് വാര്യര്‍. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സഹായിച്ചു. വഴിവിട്ട മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി നേടിയെടുത്തതാണ് ഈ വിജയം'- എ കെ ബാലന്‍ കുറ്റപ്പെടുത്തി.

'ഇതിന്റെ തുടര്‍ച്ചയായാണ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് മുന്‍പെ തന്നെ എസ്ഡിപിഐ നടത്തിയ പ്രകടനം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയം നടപ്പിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമാണ്. ആ നയം ബിജെപിയെ അകറ്റി നിര്‍ത്തുക എന്നതാണ്. നിലവില്‍ പാലക്കാട് മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തേയ്ക്ക് വരണമെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായി വരും. ബിജെപിക്കെതിരെ ശക്തമായ നിലപാട് ഒരു ഭാഗത്തും യുഡിഎഫിനെതിരെ ശക്തമായ നിലപാട് മറുഭാഗത്തും. ഇരുവിഭാഗത്തിനുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അതിന്റെ ഗുണം ലഭിച്ചു. 2021 നിയമസഭ തെരരഞ്ഞെടുപ്പിന് ശേഷമുള്ള തെരഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം ഗണ്യമായി കുറഞ്ഞു. 2021ല്‍ 13,700 വോട്ടിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞടുപ്പില്‍ വോട്ട് വ്യത്യാസം കുറഞ്ഞു. ഇത് ഈ തെരഞ്ഞെടുപ്പില്‍ 2400 വോട്ടായി ചുരുക്കാന്‍ സാധിച്ചു. അത്ഭുതകരമായ മാറ്റമാണ് സംഭവിച്ചത്. നാലുവര്‍ഷത്തിനിടെ മൂന്നാം സ്ഥാനത്ത് വളരെ അകലെയുണ്ടായിരുന്ന ഞങ്ങള്‍ നിയര്‍ പോസിഷനിലേക്ക് വന്നത് കണ്ണഞ്ചിപ്പിക്കുന്നതാണ്. ബിജെപിയെ അതിജീവിച്ച് ഞങ്ങള്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്താന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചു.അഞ്ചുമാസത്തിനുള്ളില്‍ വിജയരാഘവന് കിട്ടിയതിനേക്കാള്‍ 2400 വോട്ട് അധികം ലഭിച്ചു. ബേസ് വോട്ട് കുറഞ്ഞില്ല. ശക്തമായ പ്രകടനമാണ് നടത്തിയത്. ഇത് മതിയോ എന്ന ചോദിച്ചാല്‍ പോരാ? ഇതിന്റെ പേരില്‍ സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സംഘടനാരംഗത്തും പാര്‍ലമെന്ററി രംഗത്തും സരിന് എല്ലാവിധ പിന്തുണയും നല്‍കും.'- എ കെ ബാലന്‍ പറഞ്ഞു.

'എസ്ഡിപിഐ സര്‍ക്കുലര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീടുകളില്‍ എത്തിച്ചത്. എന്ത് രാഷ്ട്രീയമാണ് ഇത്?. 10 വോട്ട് കിട്ടാന്‍ വേണ്ടി ഏത് വഴിവിട്ട മാര്‍ഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ നയമല്ല. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ നയം. ഇത്തരത്തില്‍ തത്വാധിഷ്ഠിത നയം സ്വീകരിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ട. എന്നാല്‍ തോല്‍പ്പിക്കാന്‍ വേണ്ടി ആര്‍എസ്എസുമായി കൂട്ടുകെട്ട് ഉണ്ടാക്കുക, എസ്ഡിപിഐയുമായി കൂട്ടുകെട്ട് ഉണ്ടാക്കുക. ഇത്തരത്തില്‍ നെറികെട്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ല'- എ കെ ബാലന്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com