ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടം?, സന്ദീപ് വാര്യരെ പിന്നിലല്ല മുന്നില്‍ നിര്‍ത്തും: വി ഡി സതീശന്‍

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
vd satheesan
വി ഡി സതീശന്‍ഫയൽ
Published on
Updated on

തൃശൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണ്. ഇ ശ്രീധരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ച 50,000 വോട്ട് ഇത്തവണ 39000 ആയി. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതില്‍ ബിജെപിക്കാരെക്കാള്‍ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോള്‍ ഇ ശ്രീധരന് കിട്ടിയത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടായിരുന്നോ? ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ ശ്രീധരന്‍ പിടിച്ചു. ആ വോട്ടില്‍ ഒരു നല്ല ഭാഗം ഇത്തവണ രാഹുല്‍ തിരിച്ചു പിടിച്ചു. അത് എങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

സിപിഎം വോട്ട് വര്‍ധിപ്പിച്ചു എന്നാണ് പറയുന്നത്. ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021 ലെ വോട്ടര്‍ പട്ടികയെക്കാള്‍ 15000 വോട്ടാണ് ഈ വോട്ടര്‍പട്ടികയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. അതില്‍ ഏഴായിരത്തോളം വോട്ട് യുഡിഎഫിന് കിട്ടി. മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് ലഭിക്കേണ്ടേ? അതും കിട്ടിയില്ല. അതിന്റെ അര്‍ത്ഥം സിപിഎം വോട്ട് 2021നേക്കാള്‍ താഴേയ്ക്ക് പോയി. 18874 വോട്ടിന് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്ഡിപിഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനി 1996 ഏപ്രില്‍ 22 ന് എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ട്. 30 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയവാദികളാണെന്ന് ബിജെപിക്കൊപ്പം നിന്നു കൊണ്ട് സിപിഎം പറയുന്നത്. ഈ പ്രചാരണങ്ങളൊക്കെ പാലക്കാട് തകര്‍ന്നു പോയതാണ്. എന്നിട്ട് വീണ്ടും അതേ നറേറ്റീവുമായി മുന്നോട്ടു പോയാല്‍ 2026 ലും ഈ മഹാദുരന്തം സിപിഎമ്മിനുണ്ടാകുമെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ടിനാണ് സിപിഎം ചേലക്കരയില്‍ വിജയിച്ചത്. അതില്‍ ഇരുപത്തി എണ്ണായിരം വോട്ടുകള്‍ ഇത്തവണ യുഡിഎഫ് കുറച്ചു. ഭരണവിരുദ്ധ വികാരമുള്ളതു കൊണ്ടാണ് 40000 വോട്ടിന്റെ ഭൂരിപക്ഷം 12000മായി കുറഞ്ഞത്. 2001 ല്‍ യുഡിഎഫ് നൂറു സീറ്റ് നേടി അധികാരത്തില്‍ എത്തിയപ്പോഴും എല്‍ഡിഎഫിന് കിട്ടിയ നാല്‍പ്പത് സീറ്റില്‍ ഒന്നായിരുന്നു ചേലക്കര. ചേലക്കരയിലെ പ്രചാരണത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. എല്ലാ മുതിര്‍ന്ന നേതാക്കളും പ്രചാരണത്തിനെത്തി. പാലക്കാട്ടെ വിജയവും ചേലക്കരയിലെ പരാജയവും യുഡിഎഫ് പരിശോധിക്കും. 2019-ല്‍ പറ്റിയ അബദ്ധം യുഡിഎഫിന് ഇനി പറ്റില്ല. സംഘടനാ ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് 20 വര്‍ഷം മുന്‍പ് യുഡിഎഫ് കോട്ടയായിരുന്ന സ്ഥിതിയിലേക്ക് ഒരു വര്‍ഷം കൊണ്ട് തൃശൂര്‍ ജില്ലയെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പാലക്കാട്ടെ വിജയത്തിന് ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ആള് വന്നപ്പോള്‍ കൂട്ടക്കരച്ചിലുണ്ടായത് സിപിഎം ക്യാമ്പിലാണ്. എന്തൊരു സങ്കടമായിരുന്നു. ഇപ്പോള്‍ തന്നെ ബിജെപിക്ക് വോട്ട് കുറഞ്ഞപ്പോള്‍ സിപിഎമ്മിന് എന്തൊരു വിഷമമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വടകര- പാലക്കാട് ഡീല്‍ ആണെന്ന് പറഞ്ഞു. എന്നിട്ട് വടകരയിലും പാലക്കാടും യുഡിഎഫ് ജയിച്ചു. ഇതൊക്കെ പറഞ്ഞവര്‍ അതിന് മറുപടി കൂടി പറഞ്ഞിട്ടു പോകണം.മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായ സിപിഎം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് അവസാനം വരെ ശ്രമിച്ചത്. ഞങ്ങള്‍ക്കെതിരെ കത്ത് വിവാദവും റെയ്ഡ് വിവാദവും പെട്ടി വിവാദവും സ്പിരിറ്റ് വിവാദവും സന്ദീപ് വാര്യര്‍ വിവാദവും ഉണ്ടാക്കിയ സിപിഎം ബിജെപിക്കെതിരെ എന്തെങ്കിലും പറഞ്ഞോ? ഇതൊക്കെ ആരെ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. വടകര- പാലക്കാട് ഡീല്‍ ആണെന്നു പറഞ്ഞ എല്ലാ സിപിഎം നേതാക്കളും മറുപടി പറയണം. സന്ദീപ് വാര്യരെ പിന്നിലല്ല മുന്നില്‍ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് വരുമോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല.'- വി ഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com