'എനിക്ക് ഭൂമിയിലെ സമയം വളരെ കുറവാണ്, ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്'; സാഹിത്യ അക്കാദമി സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നു
K Satchidanandan
കെ സച്ചിദാനന്ദന്‍ഫെയ്‌സ്ബുക്ക്‌
Published on
Updated on

തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുന്നുവെന്ന് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു.

'എനിക്ക് ഭുമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ എഡിറ്റിങ് ജോലികളില്‍ നിന്നും പിന്‍വാങ്ങുന്നു' സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. വിശ്രമം വേണമെന്ന് സച്ചിദാനന്ദന്‍ അറിച്ചതായും അദ്ദേഹം പറഞ്ഞു.

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പംനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com