ന്യൂഡല്‍ഹി: വയനാടിന്റെ ലോക്‌സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.
സത്യപ്രതിജ്ഞയ്ക്കായി രാവിലെ പാര്‍ലമെന്റിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഇന്ത്യ മുന്നണി നേതാക്കള്‍ വരവേറ്റു. എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്പീക്കര്‍, രാഹുല്‍ ഗാന്ധി, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ തുടങ്ങിയവരെ പ്രിയങ്ക അഭിവാദ്യം ചെയ്തു. വയനാട്ടില്‍ നിന്നും 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് വിജയിച്ചത്.
ഇതോടെ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ഇത്തവണ വനിതാ എംപിയുമായി. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു വനിത പോലും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നില്ല. രാഹുല്‍ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ എംപി സ്ഥാനത്ത് ഒഴിവു വന്നത്. പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ഗാന്ധി ലോക്‌സഭ പ്രതിപക്ഷ നേതാവാണ്. അമ്മ സോണിയാഗാന്ധി രാജ്യസഭ എംപിയുമാണ്.
ലോക്‌സഭ എംപിയായി മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം രവീന്ദ്ര വസന്ത് റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. നന്ദേഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് രവീന്ദ്ര വസന്ത് ചവാന്‍ പാര്‍ലമെന്റിലെത്തിയത്. എംപിയായിരുന്ന വസന്ത് റാവു ചവാന്റെ നിര്യാണത്തെത്തുടര്‍ന്നാണ് നന്ദേഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യം രവീന്ദ്ര ചവാന്‍ തോറ്റുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റീ കൗണ്ടിങ്ങില്‍ 1457 വോട്ടുകള്‍ക്ക് ചവാന്‍ ബിജെപിയുടെ സങ്കുത് റാവു ഹംബാര്‍ഡെയെ പരാജയപ്പെടുത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക