ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
accused was arrested in Chennai
അബ്​ദുൽ സനൂഫ്, ഫസീല
Published on
Updated on

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നി​ഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ലോഡ്ജിൽ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്. ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. പണം എടുക്കണമെന്നു പറഞ്ഞ് പിന്നീട് ഇയാൾ ലോഡ്ജിൽ നിന്നു ഇറങ്ങിപ്പോയി.

സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തി. ഇയാൾ വന്ന കാർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. സനൂഫ് ലോ‍ഡ്ജിൽ നൽകിയ മേൽ വിലാസത്തിലല്ല ഇയാൾ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രണ്ട് തവണ വിവാഹ മോചിതയായ ഫസീല നേരത്തെ സനൂഫിനെതിരെ പീഡനത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാ​ഗ്യമാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കരുതുന്നത്. വിവാ​ഹ മോചന കേസ് നടക്കുന്നതിനിടെയാണ് സനൂഫിനെ ഫസീല പരിചയപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com