കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.
കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി കെ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനുമാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ട്. കര്‍ണാടകയിലെ ഉള്‍പ്രദേശത്ത് സുന്ദരയെ കൂട്ടിക്കൊണ്ടു പോയി കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ചില മാധ്യമ പ്രവര്‍ത്തകരും ഇതില്‍ പങ്കാളിയായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെ കേരള പൊലീസ് നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറിലേറെ കേസുകളില്‍ പ്രതിയാണ് താന്‍. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇത്രയധികം കേസുകള്‍ ഒരു നേതാവിനെതിരെ അപൂര്‍വമായിരിക്കും. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക