

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവില്‍ ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. 36 ദിവസങ്ങള്‍ക്കൊടുവിലാണ് നടപടി. ആര്‍എസ്എസ് നേതാവിനെ കണ്ടതിലാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് അജിത്ത് കുമാര്‍ തുടരും.
മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നില്‍ക്കുമ്പോള്‍ തന്നെ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി സ്ഥാനവും വഹിച്ചിരുന്നു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി.
ഭരണ കക്ഷി എംഎല്‍എയായിരുന്ന പിവി അന്‍വര്‍ തൊടുത്തുവിട്ട വിവാദ സംഭവങ്ങളാണ് നടപടിയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും അതു പരസ്യമായി തന്നെ പറയുകയും ഉണ്ടായി.
കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയത്. പിന്നാലെയാണ് നടപടി. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നായിരുന്നു വിവരം. ഇക്കാര്യം ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
അന്വേഷണത്തിന്റെ സമയപരിധി ഈ മാസം 3 ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകകയായിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്‍കിയതിനാല്‍ അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates