കൊച്ചി : പ്രായപരിധി സംബന്ധിച്ച മുന്‍മന്ത്രി ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പാകെ വരുമ്പോള്‍ ഒരു മുന്‍വിധിയുമില്ലാതെ തീരുമാനമുണ്ടാകും. അക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
ശരിയുടെ പക്ഷത്താണ് സര്‍ക്കാര്‍. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസൃതമായിട്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്‍സിപിയിലെ മന്ത്രിമാറ്റം ഇടതുമുന്നണിയില്‍ ചര്‍ച്ചയായില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപിയിലെ പ്രശ്‌നം പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. മുഖ്യമന്ത്രി തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
പി വി അന്‍വര്‍ പുതിയ സംഘടന രൂപീകരിക്കുന്നത് ഇടതുമുന്നണിക്ക് വെല്ലുവിളിയല്ല. എല്‍ഡിഎഫ് വ്യക്തമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്, ജനങ്ങളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന സംവിധാനമാണ്. അതുകൊണ്ട് വരുന്ന ചില നീക്കങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല.
എസ്ഡിപിഐ, ജമാ അത്ത് തുടങ്ങിയ സംഘടനകള്‍ മുസ്ലിം ലീഗിന്റെ കൂടി സഹായത്തോടുകൂടി വര്‍ഗീയമായ ഏകീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ എല്ലാ നിലപാടുകളും തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മതനിരപേക്ഷ നിലപാടിന് വളരെ പ്രസക്തിയുണ്ട്. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് മുന്നോട്ടു പോകുന്നത്. ഈ നിലപാട് തുടരുകയും ചെയ്യുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക