ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേയ്ക്ക് വരണ്ട, മുഖ്യമന്ത്രിയുടെ കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞത്: ഗവര്‍ണര്‍

സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്
Arif muhammad khan
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഫയല്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങള്‍ ഗവര്‍ണര്‍ ഉറക്കെ വായിച്ചു.

മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസ്സിലാകുന്നില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍ വിശ്വസിക്കാം. പക്ഷേ, അതേ കത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദേശവിരുദ്ധ പരാമര്‍ശത്തില്‍ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണറുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com