കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിച്ച സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് യുവാവിനൊപ്പം കണ്ടെത്തിയത്.
ഈ മാസം നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കോലഞ്ചേരിയില്‍നിന്നു കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ വെസ്റ്റ് ചമ്പരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ (21) പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പുലര്‍ച്ചെ എറണാകുളത്തേക്ക് ബസില്‍ എത്തിയ പെണ്‍കുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിന്‍ മാര്‍ഗം വിജയവാഡയില്‍ എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാന്‍ യുവാവിന്റെ നിര്‍ദേശ പ്രകാരം സ്വന്തം ഫോണ്‍ വീട്ടില്‍ തന്നെ വെച്ച് യാത്രയ്ക്കിറങ്ങിയ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനില്‍ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.
പെണ്‍കുട്ടി എത്തിയതോടെ യുവാവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. വാടക വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്നും എസ്‌ഐ ജി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക