ആലപ്പുഴ: പി വി അന്‍വര്‍ എംഎല്‍എ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദസന്ദര്‍ശനമാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. നാടിന്റെ പൊതുവായ വ്യക്തിത്വങ്ങളെ കാണുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളാപ്പള്ളിയെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
'ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകുമല്ലോ. ഞങ്ങളെ തമ്മില്‍ തല്ലിക്കാനോ, രാഷ്ട്രീയ മുതലെടുപ്പ് വല്ലതുമുണ്ടോ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം കുനുഷ്ഠ് ചോദ്യങ്ങള്‍ ചോദിക്കരുത്. അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം. എന്റെ അഭിപ്രായം ഇപ്പോള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലല്ലോ. എന്റെ അഭിപ്രായം എന്റെ കയ്യിലിരുന്നാല്‍പ്പോരേ' എന്നും വെള്ളാപ്പള്ളി പറഞ്ഞു.
'അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തെ രക്ഷിക്കട്ടെ. ഞാനതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. എന്നെ ട്വിസ്റ്റ് ചെയ്ത് എവിടെയെങ്കിലും കൊണ്ടെങ്കിലും കെട്ടാമെന്ന് കരുതേണ്ട. ഈ വയസ്സന്‍ ഇതുവരെ വീഴാതെ ഇതുവരെ പോയി. എനിക്ക് എന്റെ അഭിപ്രായം കാണും. അതിപ്പോ പറയേണ്ട കാര്യമില്ല. ഇതൊന്നും ചര്‍ച്ചാ വിഷയമാക്കേണ്ടതില്ല'. ഡിഎംകെ രൂപീകരണത്തെപ്പറ്റി പത്രത്തില്‍ കണ്ടുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
'ഡിഎംകെ ആലപ്പുഴ ജില്ലാ ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് അന്‍വര്‍ വീട്ടിലെത്തിയത്. ഇതിനു മുമ്പ് രണ്ടുതവണ അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ ഡിഎംകെയിലുമില്ല, എഐഎഡിഎംകെയിലുമില്ല, ഒരു പാര്‍ട്ടിയിലുമില്ല. എഡിജിപി അജിത് കുമാറിനെപ്പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയല്ലേ. അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യത്തില്‍ മുന്‍കൂട്ടി പറയാന്‍ എന്റെ കയ്യില്‍ തെളിവൊന്നുമില്ല. അതുകൊണ്ടു ഞാന്‍ പറയുന്നത് ശരിയല്ല. കുറ്റക്കാരനെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. സര്‍ക്കാര്‍ മുമ്പ് ശിക്ഷിച്ച വിജയനെ ഇപ്പോള്‍ സപ്രമഞ്ചത്തില്‍ ഇരുത്തിയിരിക്കുകയല്ലേ' എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിവാദവിഷയമാക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്‌പോട്ട് ബുക്കിങ്ങ് വേണമെന്ന് അഭിപ്രായം ഉന്നയിച്ചല്ലോ. പാര്‍ട്ടിയില്‍ തന്നെ പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം എത്തിയില്ലേ. എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനം നടത്താന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചേരുന്ന തരത്തില്‍ സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക