

കണ്ണൂര്‍: കണ്ണൂരില്‍ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രറേറ്റില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കാസര്‍കോട്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
അതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പി പി ദിവ്യയുടെ വീട്ടിലേക്ക് കോണ്‍ഗ്രസും ബിജെപിയും ഇന്ന് മാര്‍ച്ച് നടത്തും. കൂടുതല്‍ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates