

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ബാങ്ക് വായ്പകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വയനാടിനായി പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ല. മറിച്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.
പിഎം റിലീഫ് ഫണ്ട് വയനാട് ജില്ലാ കലക്ടര്‍ വഴി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ ദുരന്തങ്ങള്‍ നേരിടാനായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രം നല്‍കിയത് വാര്‍ഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അപ്പോള്‍ ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തില്‍ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കര്‍ഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രഫണ്ട് ചെലവഴിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തില്‍ കേരളത്തിന് നിങ്ങള്‍ എന്തു സഹായം ചെയ്യുമെന്ന് അറിയിക്കണമെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates