പാര്‍ട്ടി അവഗണിച്ചാല്‍ വീട്ടിലിരിക്കും; കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: കെ മുരളീധരന്‍

അന്‍വറിനു വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് കെ മുരളീധരന്‍
k muraleedharan
കെ മുരളീധരൻ ടിവി ദൃശ്യം
Updated on
2 min read

തൃശൂര്‍: ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല. പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്‍ പറഞ്ഞു. ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ കിടക്കാതെ ബിജെപിയിലേക്ക വരാനായിരുന്നു കെ സുരേന്ദ്രന്‍ ക്ഷണിച്ചത്.

പത്മജ ബിജെപിയിലാണ് അതുകൊണ്ട് അവര്‍ക്ക് എന്തും പറയാം. ഞാന്‍ കോണ്‍ഗ്രസിലാണ്. എന്റെ അമ്മയെ അനാവശ്യമായി ഒരു കാരണവശാലും വലിച്ചിഴയ്ക്കരുത്. ഇലക്ഷന്‍ 13-ാം തീയതി കഴിയും. എന്റെ അമ്മ ഞങ്ങളുടെ വീടിന്റെ വിളക്കാണ്. ഒരുകാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോഴും വീട്ടില്‍ വരുന്നവര്‍ക്ക് ഒരു കപ്പ് കാപ്പിയെങ്കിലും നല്‍കാതെ അമ്മ പറഞ്ഞു വിടാറില്ല. അങ്ങനെയുള്ള എന്റെ അമ്മയെ ദയവായി മോശമായ തരത്തില്‍ വലിച്ചിഴയ്ക്കരുത്. അമ്മയെക്കുറിച്ച് നല്ല വാക്കു പറഞ്ഞതിന് കെ സുരേന്ദ്രനോട് നന്ദി പറയുന്നു.

അന്‍വറിനു വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. അന്‍വറിന്റെ സ്വാധീന പ്രദേശങ്ങള്‍ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് പ്രദേശങ്ങളാണ്. അദ്ദേഹം എംഎല്‍എ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും അവിടെ അല്പസ്വല്പം സ്വാധീനമുണ്ട്. ആ പ്രദേശമുള്‍ക്കൊള്ളുന്ന പ്രദേശം ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ അന്‍വര്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നല്‍കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി എല്ലാ വോട്ടുകളും സമാഹരിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഒരു എംഎല്‍എ നിരുപാധികം പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്.

അതേസമയം പാലക്കാടോ, ചേലക്കരയിലോ അന്‍വറിന് സ്വാധീനമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മത്സരിക്കണോ വേണ്ടയോ എന്നത് അദ്ദേഹം ചിന്തിക്കേണ്ടതാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ വെച്ച് വിലപേശുന്നത് ശരിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. രമ്യയെ പിന്‍വലിച്ചുകൊണ്ടുള്ള ഒരു എഗ്രിമെന്റിനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ല. നല്ല ഭാവിയുള്ള കുട്ടിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്നു കരുതി രമ്യ ഹരിദാസിന്റെ ഭാവിക്ക് ഒരു കുഴപ്പമില്ല. രമ്യ ഹരിദാസ് കോണ്‍ഗ്രസിന് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്.

ഒരു കാരണവശാലും പാലക്കാടോ, ചേലക്കരയിലോ യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ല. ഒരു സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ആ സമുദായക്കാരെല്ലാം അത്ര വിഡ്ഡികളല്ല. വിജയസാധ്യതയില്ലാത്ത ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന ഒരു വിഡ്ഡിത്തരവും പാലക്കാട് ഒരു സമുദായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. അന്‍വറിനു കത്തു നല്‍കിയോയെന്ന കാര്യം തനിക്കറിയില്ല. എന്തായാലും പാലക്കാടും ചേലക്കരയിലും അന്‍വറിന് സ്വാധീനമുണ്ടെന്ന് താനും പാര്‍ട്ടിയും കരുതുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. നവംബര്‍1,2, 6 തീയതികളില്‍ വയനാട്ടില്‍ ഉണ്ട്. പാലക്കാടും ചേലക്കരയിലും പോകുമോയെന്നതില്‍ ഇപ്പോള്‍ പറയുന്നില്ല. എന്റെ ഫിസിക്കല്‍ പ്രസന്‍സ് ഇല്ലെങ്കിലും എല്ലാ പിന്തുണയും രാഹുല്‍ മാങ്കൂട്ടത്തിലിനുണ്ട്. പാലക്കാടും ചേലക്കരയിലും പോകുന്നതില്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com