

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയർന്നതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തു. സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ക്ഷേമനിധി ബോർഡ് ചെയർമാൻ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.
70,000 രൂപയ്ക്കാണ് പന്തൽപണിക്കാരൻ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരൻ കന്റോൺമെന്റ് പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates