യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

Jacobite Church President Thomas I Catholic Bava passed away
തോമസ് പ്രഥമന്‍ കാതോലിക്ക ബാവ
Updated on
1 min read

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.

യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു.

ശ്രേഷ്ഠബാവായുടെ കബറടക്കം ശനിയാഴ്ച മൂന്നുമണിക്ക് പുത്തൻ കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ഇന്നുരാത്രി പത്തുമണിയോടെ ഭൗതികദേഹം കോതമംഗലത്തേക്ക് കൊണ്ടുപോകും. പുത്തൻകുരിശിൽ നാളെ നാലുമണിയോടെ ഭൗതിക ശരീരമെത്തിക്കും.

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.

1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി തോമസ് പ്രഥമൻ ബാവ വാഴിക്കുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമാണുണ്ടായിരുന്നത്. ഇന്ന് സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വമാണ്. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും 1000വൈദികരും ഇന്ന് ഈ സഭയിലുണ്ട്.

1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com