തൊടുപുഴ: കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരിക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലൻ കൊമ്പു കോർത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലൻ. വനം വകുപ്പ് അധികൃതർ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം.
ചിന്നക്കനാൽ, പൂപ്പാറ, ശാൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും. കഴിഞ്ഞ ദിവസമാണ് കാട്ടാനകൾ പരസ്പരം ഏറ്റുമുട്ടിയത്.
ശനിയാഴ്ച പുലർച്ചയോടെ ചിന്നക്കനാൽ വലക്കിനു സമീപത്തുള്ള അറുപതേക്കർ ചോലയിലാണ് ആനയെ പരിക്കേറ്റു വീണ നിലയിൽ കണ്ടെത്തിയത്. ആനയുടെ ദേഹത്ത് 15 കുത്തുകൾ ഏറ്റിരുന്നു. പിൻഭാഗത്തും കാലിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
21നും ആനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇടത്തെ കാലിനേറ്റ പരിക്കിനെ തുടർന്നു മുറിവാലൻ നടക്കാൻ ബുദ്ധിമുട്ടി. ഇതോടെയാണ് വനം വകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങിയത്.
ആനകൾ തമ്മിൽ പിന്നീടും ഏറ്റുമുട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മറിവാലനെ നാട്ടുകാർ കണ്ടിരുന്നു. ആ സമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശ നിലയിലായ ആന ശനിയാഴ്ച പുലർച്ചെയോടെയാണ് വീണത്. ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ