'ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പ്യൂണ്‍ ആണോ അന്വേഷിക്കേണ്ടത്?'; പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അന്‍വര്‍

'അഴിമതിക്കും അക്രമത്തിനുമെതിരെ, ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ലോബിക്കെതിരായ വിപ്ലവമായി ഇതു മാറും'
pv anvar
പി വി അൻവർ മാധ്യമങ്ങളോട് സംസാരിക്കുന്നു എക്സ്പ്രസ്
Updated on
2 min read

തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയെന്ന് പി വി അന്‍വര്‍. അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആണ്പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കും. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോരാട്ടം നിലച്ചെന്നും, എലിയായി പോയെന്നുമുള്ള വിമര്‍ശനത്തെ അന്‍വര്‍ തള്ളി. എലി അത്ര നിസ്സാര ജീവിയൊന്നുമല്ല. ഒരു വീട്ടില്‍ എലിയുണ്ടെങ്കില്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. എലി അത്ര നിസാര ജീവിയാണെന്ന് താന്‍ കരുതുന്നില്ല. എലിയായാലും പൂച്ചയായാലും താന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളത്. എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ആ സ്‌കൂളിലെ അധ്യാപകരും പ്യൂണുമൊക്കെയാണോ അന്വേഷിക്കേണ്ടത്. എന്നിട്ട് ആ ഹെഡ് മാസ്റ്റര്‍ക്ക് തന്നെ റിപ്പോര്‍ട്ട് കൊടുക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?. എഡിജിപിയെ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതിന് ഇന്നലെയല്ലേ പരാതി കൊടുത്തിട്ടുള്ളത്. ഇത് പഠിക്കേണ്ടേ?. അതിന് നടപടിക്രമമില്ലേ എന്ന് അന്‍വര്‍ ചോദിച്ചു. ആ പ്രൊസീജിയര്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങും. ഹെഡ്മാസ്റ്റര്‍ ആ കസേരയില്‍ ഇരുന്നിട്ട് പ്യൂണ്‍ അന്വേഷിക്കും എന്ന അഭിപ്രായം തനിക്കില്ല. അതിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊക്കെയുണ്ട്. അവര്‍ പഠിക്കട്ടെയെന്ന് പിവി അന്‍വര്‍ പറഞ്ഞു.

നീതിപൂര്‍വകമായ അന്വേഷണം ഈ വിഷയത്തില്‍ നടക്കുമെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും, കുറ്റം ചെയ്തവര്‍ അതിന് അനുസൃതമായ ശിക്ഷയ്ക്ക് വിധേയമാകുമെന്നുമാണ് വിശ്വസിക്കുന്നത്. താന്‍ ഉന്നയിച്ചത് ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് പറഞ്ഞത്. ഈ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ട ജനങ്ങളുണ്ട്. ഈ സര്‍ക്കാരിനെ തിരിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍, അതാണ് താന്‍ പറഞ്ഞത്. അതിനെ തള്ളിക്കളയാന്‍ ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല

ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ ആ വിശ്വാസ്യത നിറവേറ്റിയില്ല. വിശ്വസിച്ച് ഏല്‍പ്പിച്ചവനെ എപ്പോഴും ചതിക്കാം. വിശ്വസിച്ച് ഏല്‍പ്പിച്ചവന്‍ അല്ല അതിന് ഉത്തരവാദി. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട വ്യക്തി ചതിച്ചിട്ടുണ്ടെങ്കില്‍ അവരാണ് ഉത്തരവാദി എന്നാണ് താന്‍ വിശ്വസിക്കുന്നത്. പൊലീസ് ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു എന്ന് താന്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണമാണ് ഈ നിലയിലേക്ക് എത്തിയത്. പി വി അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളൂ. ഈ ലോകത്തെ ജനം ഒത്തൊരുമിച്ച് നിന്നിട്ടും തന്നെ കീഴടക്കാമെന്ന് വിചാരിക്കേണ്ട എന്നും അന്‍വര്‍ പറഞ്ഞു.

പോരാട്ടം തുടങ്ങിയിട്ടല്ലേയുള്ളൂ. വിപ്ലവം ഒരു ജനകീയ മുന്നേറ്റമായിട്ടാണ് ഉണ്ടാകുന്നത്. അതു വിപ്ലവമായി മാറി മറ്റൊരു രൂപത്തിലേക്ക് രൂപാന്തരപ്പെടുകയാണ് ചെയ്യുക. ഇവിടെ അഴിമതിക്കും അക്രമത്തിനുമെതിരെ, ജനങ്ങളുടെ ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ലോബിക്കെതിരായ വിപ്ലവമായി ഇതു മാറും. അതില്‍ ഒരു തര്‍ക്കമില്ല. അതു കൊട്ടാര വിപ്ലവമാണോയെന്ന ചോദ്യത്തിന്, കൊട്ടാരത്തിലാണോ കുടുലിലാണോയെന്ന് നമുക്ക് നോക്കാമെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ സൂചനാ തെളിവുകളാണ് നല്‍കിയിട്ടുള്ളത്. അത് അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്. സുജിത് ദാസിനും അജിത് കുമാറിനുമെതിരെ നടപടിയെടുക്കാത്തത് ഭയന്നിട്ടാണെന്ന് തോന്നുന്നില്ല. നടപടിയെടുക്കേണ്ട സമയത്തിലേക്ക് എത്തുന്നതേയുള്ളൂ. അതിന് ഒരു നടപടിക്രമമില്ലേ എന്നും പി വി അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി എങ്ങനെയാണ് മുഖ്യമന്ത്രിയായത്?

എഡിജിപി എം ആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് സാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാധിക്കുമായിരിക്കാം, തനിക്ക് അത്ര പ്രൊഫഷണലായിട്ടോ ലീഗലായിട്ടോ ഇക്കാര്യം അറിയില്ല. മുമ്പ് ഒരു ഹെഡ് മാസ്റ്ററുടെ കാര്യം പറഞ്ഞില്ലേ, അങ്ങനെ ഉണ്ടാകുമോ? ഇത്രയും ജനങ്ങളോട് കമ്മിറ്റഡ് ആയിട്ടുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്ക്, സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയുമോ? നമുക്ക് കാത്തിരുന്നു കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെയാണ് മുഖ്യമന്ത്രിയായത്?. അദ്ദേഹം വീട്ടില്‍ നിന്നും വന്ന് ആയതല്ലല്ലോ. ഈ പാര്‍ട്ടിയല്ലേ മുഖ്യമന്ത്രിയാക്കിയത്. അപ്പോള്‍ ആരോടാണ് പ്രതിബദ്ധത ഉണ്ടാകുക?. അദ്ദേഹം ഈ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ട് വന്നതല്ലേ?. എനിക്ക് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും കമ്മിറ്റ്‌മെന്റ് ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

pv anvar
നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

അന്വേഷണം എങ്ങോട്ടു പോകുന്നെന്ന് നമുക്ക് നോക്കാം. ആ ഘട്ടത്തില്‍ ഇടപെടാം. അന്വേഷിക്കുന്നവര്‍ സത്യസന്ധമായിട്ടല്ല അന്വേഷിക്കുന്നതെങ്കില്‍, ആരോപണ വിധേയര്‍ക്ക് വിധേയനായിട്ടാണ് അന്വേഷിക്കുന്നതെങ്കില്‍ അവര്‍ സമൂഹത്തിന് മുന്നില്‍ ഉത്തരം പറയേണ്ടി വരും. അതിനും താന്‍ മുന്നിലുണ്ടാകും. അങ്ങനെ കള്ള അന്വേഷണം നടത്തി ആരെയെങ്കിലും രക്ഷപ്പെടുത്തി കളയാമെന്ന് ഈ അന്വേഷണ സംഘത്തില്‍ തീരുമാനിച്ചാല്‍ അതും പുറത്തു വരും. പബ്ലിക്കായി അതു ചോദിക്കും. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ കേരള പൊലീസിന് തന്നെ അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന, ഈ പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമുള്ള അടിയുറച്ച സഖാവാണ് താന്‍. അതുകൊണ്ട് ഒരു വിദേശ ഏജന്‍സിയോ ദേശീയ ഏജന്‍സിയോ അന്വേഷിക്കേണ്ടതില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com