'കലുഷിതമായ മത്സര ബുദ്ധി വേണ്ട, ഇത് കുട്ടികളുടെ മത്സരം'; സ്‌കൂള്‍ കലോത്സവത്തിനു പ്രൗഢമായ തുടക്കം

അടുത്ത കൊല്ലം മുതല്‍ ഗോത്രകലകളെ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി
സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി ഇവ മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണ്. ഇത് രക്ഷിതാക്കളുടെ മത്സരമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയിലെ മനോഹരമായ പുഷ്പങ്ങളാണ് കുട്ടികളെന്ന് മാക്‌സിംഗോര്‍ക്കിയാണ് പറഞ്ഞത്. എന്നാല്‍ വിടരുമുന്നേ വാടികൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളില്‍ അഭിനന്ദനങ്ങളേറ്റുവാങ്ങിയ എത്രയോ മിടുക്കര്‍ക്ക് പിന്നീട് ശ്രദ്ധേയമായ രീതിയില്‍ കലാസപര്യ തുടരാനാകുന്നുണ്ട്. അതിനുകൂടി ഉതകം വിധം സാംസ്‌കാരിക ഇടങ്ങള്‍ നാട്ടില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കൊല്ലം മുതല്‍ ഗോത്രകലകളെ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്‌കൂള്‍ കലോത്സവങ്ങള്‍ ഉയര്‍ന്ന സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശുദ്ധമായ കലയും അതിന് ഭംഗംവരുത്താത്ത സാമൂഹ്യ ഉള്ളടക്കവുമാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്. നവേത്ഥാന പൈതൃകത്തില്‍ നിന്നാണ് നമുക്ക് ഇത് ലഭിച്ചതെന്നും അതിന്റെ എല്ലാ വശങ്ങളും ഈ കലോത്സവത്തില്‍ തെളിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യമയക്കുമരുന്ന് ലഹരികളില്‍നിന്ന് വിദ്യര്‍ഥികള്‍ അകന്നു നില്‍ക്കണമെന്നും അവക്കെതിരായ കലാരൂപങ്ങള്‍ കലാലയങ്ങളില്‍തന്നെ ഒരുക്കുവാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കലോത്സവത്തില്‍ മാനോഹമായി സ്വാഗത നൃത്താവിഷ്‌ക്കാരം അവതരിപ്പിച്ച പ്രശസ്ത നര്‍ത്തകി ആശാശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ നടി നിഖില വിമല്‍ മുഖ്യാതിഥിയായി. 

24 വേദികളിലായി 239 ഇനങ്ങളില്‍ 14,000 കുട്ടികള്‍ മത്സരിക്കുന്നത്.  അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികംപേര്‍ തുടര്‍ദിവസങ്ങളില്‍ പങ്കാളികളാകും. മണ്‍മറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുക. എല്ലാ വേദിക്കും ഇക്കുറി ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.അപ്പീല്‍ വഴിയെത്തിയ 331 പേര്‍ ഉള്‍പ്പെടെ 9571 പ്രതിഭകള്‍ 239 ഇനങ്ങളിലായി 24 വേദികളില്‍ മാറ്റുരയ്ക്കും. ഇതില്‍ 3969 ആണ്‍കുട്ടികളും 5571 പെണ്‍കുട്ടികളുമാണ്. സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി വിശിഷ്ടാതിഥിയാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com