തിരുവനന്തപുരം: സുതാര്യത ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അക്കൗണ്ട്‌സ്, പര്‍ച്ചേയ്‌സ്, സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും. താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് പോയാലും, എംഡി മാറിയാലും പൊളിക്കാന്‍ പറ്റാത്ത ഒരു സിസ്റ്റമായി കെഎസ്ആര്‍ടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സ്ഥായിയായ ഒരു സൊല്യൂഷന്‍ ഇല്ലെങ്കില്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടില്ല. മുന്‍പ് ഞാന്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു. നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയാത്ത, ഭരണനിര്‍വഹണരംഗത്ത് മുഴുവന്‍ നിയന്ത്രണം കൊണ്ടുവരുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്. പേഴ്‌സണല്‍ മാനേജര്‍ ഇല്ല, അക്കൗണ്ട്‌സ് മാനേജര്‍ ഇല്ല, ഇത്തരത്തിലുള്ള പരാതികളുടെ ആവശ്യം ഇനി ഇല്ല. കമ്പ്യൂട്ടര്‍ വരുന്നതോടെ എല്ലാം മാറും. ഡേറ്റ എന്‍ട്രി മാത്രം മതി. ബാക്കിയെല്ലാം കമ്പ്യൂട്ടര്‍ വഴി അറിയാന്‍ സാധിക്കും. ചെലവ് ചുരുക്കാന്‍ ഇത് സഹായിക്കും. പുതിയ നിയമനങ്ങളുടെ ആവശ്യവും വരില്ല.'- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
വൈദ്യുത ബസുകള്‍ നഷ്ടമാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മിക്കവാറും വൈദ്യുത ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ വൈദ്യുത ബസില്‍ സൗകര്യമില്ല. നൂറുപേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വെച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന് കറന്റ് ചാര്‍ജ് എത്ര രൂപ വേണം? ഡ്രൈവര്‍ക്ക് ശമ്പളം എത്രവേണം?. കിലോമീറ്ററിന് 28 പൈസ വെച്ച് കെഎസ്ആര്‍ടിസി, സ്വിഫ്റ്റിന് കൊടുക്കണം. നൂറു കിലോമീറ്റര്‍ ഓടുമ്പോളോ, എത്ര രൂപ മിച്ചമുണ്ട്?, പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നഷ്ടത്തില്‍ ഓടുന്ന മുഴുവന്‍ റൂട്ടുകളും റീഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുത ബസിന് ദീര്‍ഘദൂര സര്‍വീസുകള്‍ ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'വൈദ്യുത ബസിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസല്‍ ബസുകള്‍ വാങ്ങാം. വൈദ്യുതി ബസ്, പത്തുരൂപ ടിക്കറ്റില്‍ മുന്‍പില്‍ പോകുമ്പോള്‍, ഡീസലടിയ്ക്കുന്ന കെഎസ്ആര്‍ടിസി വേറൊരു നിരക്കില്‍ പിന്നാലെയുണ്ട്. അതിന് പിന്നില്‍ സ്വകാര്യബസുമുണ്ട്. വൈദ്യുതി ബസ് എല്ലാവരുടെയും വയറ്റത്തടിച്ചു, ഓട്ടോറിക്ഷക്കാരുടെയും വയറ്റത്ത് അടിച്ചു. ഓട്ടോറിക്ഷക്കാരും തൊഴിലാളികളാണ്. ഒരു ഗതാഗതവകുപ്പുമന്ത്രിയെ സംബന്ധിച്ചിടത്തോളം അവരെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ഇനി വൈദ്യുതി ബസുകള്‍ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല'- അദ്ദേഹം പറഞ്ഞു.
ബസ് എവിടെയാണെന്ന് അറിയാന്‍ വെയര്‍ ഈസ് മൈ ട്രെയിന്‍ എന്ന മാതൃകയില്‍ വെയര്‍ ഈസ് മൈ കെഎസ്ആര്‍ടിസി എന്നൊരു ആപ്പ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂം ആരംഭിക്കും. കെഎസ്ആര്‍ടിസി പമ്പുകള്‍ ലാഭത്തിലാണ് പോകുന്നത്. എല്ലാ പമ്പുകളും പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിഫ്റ്റ് കമ്പനി ഇപ്പോള്‍ ലാഭത്തിലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസ്സിലുണ്ടെന്നും അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുമതിയുണ്ട്. അതനുസരിച്ച് ചില പരിപാടികള്‍ നോക്കുന്നുണ്ട്. അതില്‍ ഉറപ്പു പറയാറായിട്ടില്ല. ശമ്പളം ഒരുമിച്ച് കൊടുക്കാനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. അതിനൊരു നീക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അതനുസരിച്ചുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ അനാവശ്യ റൂട്ടുകള്‍ നിര്‍ത്തും. റൂട്ടുകള്‍ പരിഷ്‌കരിക്കും. റൂട്ടുകള്‍ പരിഷ്‌കരിക്കുമ്പോള്‍ നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്ക് കൊണ്ടുവരാനാകും. ഓരോ ബസിന്റെയും കോസ്റ്റ് അക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ