Waqf Bill: 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍'; കെസിബിസിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

വഖഫ് ബില്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് മറ്റു മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും സര്‍ക്കാരിനാല്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തത്
tara tojo alex
താര ടോജോ അലക്‌സ്ഫെയ്‌സ്ബുക്ക്
Updated on

തിരുവനന്തപുരം: വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി(കെസിബിസി)യുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത വഖഫ് ബില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് അത്തരം നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തതെന്ന് താര ചോദിച്ചു. ഇത്ര കിടന്നു തിളക്കുന്നവര്‍, അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 'ചര്‍ച്ച് ബില്‍' നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ ചോദിച്ചു.

യേശു ക്രിസ്തു ഇന്ന് നമുക്കിടയില്‍ ജീവിച്ചിരുന്നെങ്കില്‍, പണ്ട് ദേവാലയം കച്ചവട സ്ഥലം ആക്കിയവരെ ചാട്ടവാര്‍ എടുത്ത് അടിച്ചു ഓടിച്ചത് പോലെ നിശ്ചയമായും ഈ പുരോഹിത വര്‍ഗ്ഗത്തോട്.. (യേശുവിന്റെ വചനപ്രകാരം..ഈ വെള്ളയടിച്ച കുഴിമാടങ്ങളോട്..) 'നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റല്‍' എന്ന് തീര്‍ച്ചയായും പറഞ്ഞേനെ എന്നും താര അഭിപ്രായപ്പെട്ടു.

പിന്നെ, തങ്ങളെ നേരിട്ട് യാതൊരുവിധത്തിലും ബാധിക്കുകയില്ലാത്ത വഖഫ് ബില്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് മറ്റു മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും സര്‍ക്കാരിനാല്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തത്, താര ടോജോ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

ക്രിസ്ത്യാനികൾക്ക് ഇത് നോമ്പുകാലമാണ് ... പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും കാലം... ഇക്കാലത്ത് തന്നെ കേരളത്തിലെ കത്തോലിക്കാ സഭയുടെ മെത്രാൻ സമിതി - കെസിബിസി, ബിജെപി/സംഘപരിവാർ കൊണ്ടുവരുന്ന വഖഫ് അമെൻഡ്മെന്റ് ബില്ലിനെ പാർലമെന്റിൽ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് എംപിമാരോട് തീട്ടൂരം ഇറക്കിയിരിക്കുകയാണ്.

വഖഫ് അമെൻഡ്മെന്റ ബില്ലിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇന്നലെ മാത്രമാണ് മാധ്യമങ്ങൾക്ക് പോലും ലഭിച്ചത്. ബില്ലിലെ വ്യവസ്ഥകൾ എന്തെന്ന് തങ്ങൾക്ക് ഇതുവരെ അറിയില്ല എന്നും അറിഞ്ഞു കഴിയുമ്പോൾ ഇൻഡ്യ സഖ്യം പ്രതികരിക്കും എന്നുമായിരുന്നു രണ്ടുദിവസം മുൻപ് ഫ്രാൻസിസ് ജോർജ് എംപി പോലും പറഞ്ഞത്. അപ്പോൾ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്നതിനും നാളുകൾക്കു മുമ്പ് കെ.സി.ബി.സിക്ക് ഇതിന്റെ ഒരു പകർപ്പ് പഠിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നോ? അല്ലെങ്കിൽ എങ്ങനെയാണ് ഇവർ എത്ര നേരത്തെ തന്നെ ഇങ്ങനെ ഒരു ബില്ലിനെ അനുകൂലിച്ചിരിക്കണം എന്ന് ഇത്ര ഷാർപ്പായി പറയുന്നതിന് കാരണം?

അതോ സംഘപരിവാർ ഒരു ബില്ല് കൊണ്ടുവരും.. അതിനെ ഞങ്ങൾ മുൻകാല പ്രാബല്യത്തോടെ തന്നെ അനുകൂലിക്കുന്നു എന്നുള്ളതാണോ കെ.സി.ബി.സിയുടെ നിലപാട്? സംഘപരിവാർ പാർലമെന്റിൽ കൊണ്ടുവരുന്ന പ്രസ്തുത ബില്ല് നാളിതുവരെ പ്രതിപക്ഷത്തിന് ചർച്ചക്ക് മുൻപായി പഠിക്കുന്നതിന് നൽകുകയോ, എന്തിന് ബിജെപിയുടെ തന്നെ എംപിമാരോ മന്ത്രിമാരോ പോലും കണ്ടിട്ടുള്ളതല്ല. അപ്പോൾ പ്രസ്തുത ബില്ലിന്റെ ഉള്ളടക്കം കേരളത്തിലെ മെത്രാൻ സമിതിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ നടപടിക്രമങ്ങളുടെ ലംഘനം കൂടിയാണ്.

പിന്നെ, തങ്ങളെ നേരിട്ട് യാതൊരുവിധത്തിലും ബാധിക്കുകയില്ലാത്ത വഖഫ് ബില്ല് അമന്റ്റ്മെന്റ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നവർ, എന്തുകൊണ്ടാണ് മറ്റു മതവിഭാഗങ്ങളുടെ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും സർക്കാരിനാല്‍ ഉറപ്പുവരുത്തുന്ന നിയമങ്ങൾ തങ്ങൾക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തത്?

ഇത്ര കിടന്നു തിളക്കുന്നവർ, അടുത്ത പാർലമെന്റ് സെഷനിൽ തന്നെ ക്രിസ്ത്യൻ മതസ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന "ചർച്ച് ബിൽ" നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്?! ഇന്ത്യാ രാജ്യത്ത് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ വഖഫ് നിയമങ്ങളും മറ്റ് മതവിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിയമങ്ങളും നിലവിലുണ്ടായിരുന്നു.

രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം, വിവിധ മതവിഭാഗങ്ങൾക്കായി ഇത്തരം നിയമനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിന് ചില വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്ന കാലത്ത്, ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണങ്ങൾ വിവിധ നാട്ടുരാജാക്കന്മാരാലും, മുസ്‍ലിം വിഭാഗങ്ങളുടേതും ഇതുപോലെയൊക്കെയുള്ള മേൽനോട്ടങ്ങളിലും ആയിരുന്നു. തുടർന്ന് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യമൊട്ടാകെയുള്ള വിവിധ ആരാധനാലയങ്ങൾ, അവയുടെ സ്വത്തുക്കൾ എന്നിവയൊക്കെ അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിന് വേണ്ടിയാണ് ഗവൺമെന്റ് പ്രസ്തുത നിയമങ്ങൾ നടപ്പിലാക്കിയത്.

ഹിന്ദുക്കൾ, മുസ്‍ലിംകൾ, സിക്കുകാർ, ജൈനമതക്കാർ എന്നിവർക്കെല്ലാം തന്നെ വേണ്ടി വ്യത്യസ്ത നിയമനിർമാണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, അക്കാലം മുതൽക്ക് തന്നെ റോമിന്റെ കീഴിലായിരുന്നതിനാൽ ഇന്ത്യയിലെ തങ്ങളുടെ ആരാധനാലയങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണവും സംരക്ഷണവും തങ്ങൾ തന്നെ നോക്കി നടത്തി കൊള്ളാം എന്ന് അന്നത്തെ ഇന്ത്യ സർക്കാരിനോട് മെത്രാന്മാരുടെ സമിതി അപേക്ഷിച്ചതിന്റെ ഫലമായിട്ടാണ് ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രത്യേകമായ ഒരു ബോർഡ് രൂപവത്കരിക്കാത്തതിരുന്നതും, തൊഴിൽ വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള സംവരണം വേണ്ട എന്ന് വെച്ചതും.

യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യാ രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന്റെ മാത്രം മതസ്ഥാപനങ്ങളിലും സ്വത്തുക്കൾക്കും മേൽ, ഇന്ത്യ ഗവൺമെന്റിനോ വിവിധ സംസ്ഥാന ഗവൺമെന്റുകൾക്കോ നേരിട്ടുള്ള യാതൊരു നിയന്ത്രണങ്ങളും ഇല്ല. നേരെമറിച്ച് വഖഫ് ബോർഡുകൾ, ദേവസ്വം ബോർഡ് / ട്രസ്റ്റുകൾ എന്നിവ വഴി, ആരാധനാലയങ്ങളുടെയും മതസ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും മേൽ അതത് സംസ്ഥാന ഗവൺമെന്റുകൾക്കാണ് പരിപൂർണ്ണ നിയന്ത്രണം.

ഓരോ നിയമസഭകളിലും ഉള്ള ഹിന്ദു എം.എൽ.എമാരുടെ ഭൂരിപക്ഷമാണ് ദേവസ്വം ബോർഡിലെ ഭരണ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതുപോലെതന്നെ വഖഫ് ബോർഡിൽ മുസ്‍ലിം മത വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർക്ക് ആണ് തീരുമാനമെടുക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. അമൻഡ്മെന്റ് ബില്ലിൽ മുസ്‍ലിം നിയമസഭാംഗങ്ങൾക്കുള്ള പ്രത്യേക അവകാശം എടുത്തു കളയും എന്നുള്ള ആശങ്കയാണ് ആ വിഭാഗത്തിനുള്ളത്. അത് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം അവർക്കുണ്ട് താനും. ഇതിൽ കേരള മെത്രാൻ സമിതിക്ക്, കെ.സി.ബി.സിക്ക് എന്ത് കാര്യം എന്നുള്ളതാണ് മനസ്സിലാകാത്തത് ...

ഭൂമിയിൽ ഇന്നും നരകം തീർത്തു കൊണ്ടിരിക്കുന്ന യഹൂദന്മാരുടെ മുൻ തലമുറ, ക്രൂരമായി പീഡിപ്പിച്ച് കുരിശിൽ തറച്ച് കൊലപ്പെടുത്തിയ യേശു ക്രിസ്തു ഇന്ന് നമുക്കിടയിൽ ജീവിച്ചിരുന്നെങ്കിൽ, പണ്ട് ദേവാലയം കച്ചവട സ്ഥലം ആക്കിയവരെ ചാട്ടവാർ എടുത്ത് അടിച്ചു ഓടിച്ചത് പോലെ നിശ്ചയമായും ഈ പുരോഹിത വർഗ്ഗത്തോട്.. (യേശുവിൻറെ വചനപ്രകാരം..ഈ വെള്ളയടിച്ച കുഴിമാടങ്ങളോട്..) "നിന്റെ കണ്ണിലെ കോലെടുത്ത് മാറ്റിയതിനുശേഷം മതി അന്യന്റെ കണ്ണിലെ കരട് എടുത്ത് മാറ്റൽ മതി" എന്ന് തീർച്ചയായും പറഞ്ഞേനെ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com