Waqf Bill:'മലയാളിക്ക് ഒരു തെറ്റ് പറ്റി, വൈകാതെ തിരുത്തും; മുനമ്പത്ത് അറുന്നൂറോളം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തി'; വിഡിയോ

എമ്പുരാന്‍ സിനിമയിലെ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം.
suresh gopi - jhon brittas
സുരേഷ് ഗോപി - ജോണ്‍ ബ്രിട്ടാസ്
Updated on
2 min read

ന്യൂഡല്‍ഹി: രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ബിജെപി ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും എന്നാല്‍ ഓരോ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. ഇന്നും ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടക്കുന്നു. കഴിഞ്ഞവര്‍ഷം മാത്രം 700 ആക്രമണമാണുണ്ടായത്. മണിപ്പൂരില്‍ 200ലേറെ പള്ളികള്‍ കത്തിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.'നിങ്ങള്‍ രണ്ടു മൂന്നു ദിവസമായി ക്രിസ്ത്യാനി, കേരള, മുനമ്പം എന്നൊക്കെ പറയുന്നുണ്ടല്ലോ. സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ?, പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ ഒരു സ്ട്രോയ്ക്ക് വേണ്ടി കരഞ്ഞ മനുഷ്യന്‍. അദ്ദേഹത്തെ നിങ്ങള്‍ ജയിലിലിട്ടു കൊന്നില്ലേ?. ഗ്രഹാം സ്റ്റെയിനെ മറക്കാന്‍ പറ്റുമോ? മക്കളോടൊപ്പം ചുട്ടുകൊന്നില്ലേ...?'- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

'ബൈബിളിലൊരു കഥാപാത്രമുണ്ട്- മുപ്പത് വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസ്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടിരിക്കുന്ന ചിലര്‍. എമ്പുരാന്‍ സിനിമയിലെ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളെന്ന വിഷത്തെ ഞങ്ങള്‍ മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. ഞങ്ങള്‍ നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും ഞങ്ങള്‍ പൂട്ടിക്കും. മലയാളിക്ക് ഒരു തെറ്റ് പറ്റി. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും'.

മുനമ്പത്തെ ഒരാള്‍ക്കു പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. അഞ്ച് ലക്ഷം ഭവനരഹിതര്‍ക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ഈ മുനമ്പത്തെ ആളുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ ചെയ്തിരിക്കും. അതിന് നിങ്ങളുടെ ഓശാരം വേണ്ട. യുപിയില്‍ മസ്ജിദ് മൂടിയിടുന്നതു പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്ക്കേണ്ടിവരില്ല. ഒരാള്‍ക്കും ഭയത്തില്‍ കഴിയേണ്ടിവരില്ല. എല്ലാവര്‍ക്കും സാഹോദര്യത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. അത് നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം'.

'ഇപ്പോള്‍ നിങ്ങള്‍ ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ അത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ട്. ഈ ബില്ലില്‍ നിങ്ങള്‍ മുനമ്പം, മുനമ്പം എന്നു പറയുന്നു. ഉത്തരേന്ത്യയില്‍ നിന്ന് പതിനായിരക്കണക്കിനാളുകളെ നിങ്ങള്‍ ആട്ടിപ്പായിച്ചില്ലേ. 50,000ലേറെ ആളുകളാണ് മണിപ്പൂരില്‍ അഭയാര്‍ഥികളായി കഴിയുന്നത്. എത്രയോ ആളുകള്‍ രാജ്യംവിട്ടു. നിങ്ങള്‍ക്കവരെ കുറിച്ചൊന്നും പറയാനില്ല. നിങ്ങള്‍ എത്രയോ പള്ളികള്‍ തകര്‍ത്തു'.'എമ്പുരാനിലെ മുന്നയാണ് നിങ്ങള്‍. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്. അതിനാല്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ബില്‍ പിന്‍വലിക്കണം. ജനങ്ങള്‍ക്കിടയില്‍ സാമുദായിക സൗഹാര്‍ദവും സമത്വവും നിലനില്‍ക്കണമെങ്കില്‍ ഈ ബില്‍ പിന്‍വലിക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് തന്റെ പേര് എടുത്ത പറഞ്ഞ് വിമര്‍ശിച്ച ജോണ്‍ ബ്രിട്ടാസിനെതിരെ കടുത്ത ഭാഷയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. എന്നിട്ടു വേണം അവര്‍ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും ബ്രിട്ടാസിനുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു.

എമ്പുരാന്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താനീ പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണ്. ഇതാണ് സത്യം. ഈ പറഞ്ഞ കാര്യം കളവാണെങ്കില്‍ എന്ത് ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണ്. ചിത്രത്തിലെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം സംവിധായകന്റെ സമ്മതത്തോടുകൂടി നിര്‍മാതാക്കളുടെയും ചിത്രത്തിലെ പ്രധാന നടന്റേതുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് രാഷ്ട്രീയ സര്‍ക്കസാണെന്നും അതുവഴി തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

മുനമ്പം വിഷയത്തിലേക്ക് വരികയാണെങ്കില്‍, നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത്, മറ്റു പലതം പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും, അതിന്റെ മുറിവ് നിങ്ങള്‍ക്കേല്‍ക്കുമെന്നും ബ്രിട്ടാസിനോടായി അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ പാര്‍ട്ടി എണ്ണൂറോളം പേരെയാണ് കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. അവരുടേത് കൊലപാതക രാഷ്ട്രീയമാണ്. മുനമ്പത്ത് അറുന്നൂറോളം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തിയിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com