
കൊച്ചി: വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, മേജര്‍ രവി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയത്.
രാജീവ് ചന്ദ്രശേഖറിന് ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രം സമരസമിതി ഉപഹാരമായി നല്‍കി. ഭൂമിയുടെ റവന്യൂ അവകാശം ലഭിക്കുന്നതുവരെ കൂടെയുണ്ടാകുമെന്ന് നേതാക്കള്‍ സമരസമിതിയെ അറിയിച്ചു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് സമരസമിതി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം തേടി നേരില്‍ കാണാന്‍ അവസരം ഉണ്ടാക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക