
രൂപകൽപ്പനയിലെ കൗതുകം കൊണ്ടു ശ്രദ്ധേയമായ മുള കൊണ്ടു നിർമിക്കുന്ന കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാ പദവി (ജിഐ). ഇടുക്കിയിലെ ആദിവാസി കരകൗശല വിദഗ്ധർ നിർമിക്കുന്ന ഏറെ സവിശേഷതകളുള്ളവയാണ് കണ്ണാടിപ്പായ. കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് ഈ പായയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. തൃശൂരിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) നടത്തിയ ശ്രമമാണ് പായയ്ക്ക് ഭൗമ സൂചികാ പദവി ലഭിക്കാൻ കാരണമായത്.
കേരളത്തിൽ നിന്നു ഈ പദവി ലഭിക്കുന്ന കൈകൊണ്ടു നിർമിച്ച ഒരേയൊരു ഉത്പന്നവും കണ്ണാടിപ്പായയാണ്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനൊപ്പം പായകൾ നിർമിക്കുന്ന ഗോത്ര സമൂഹങ്ങളുടെ ഉപജീവന മാർഗം മെച്ചപ്പെടുത്താൻ ഈ അംഗീകാരം സഹായിക്കുമെന്ന പ്രതീക്ഷയാണ് കെഎഫ്ആർഐ അധികൃതർ പ്രതീക്ഷിക്കുന്നത്. ഒപ്പം പരമ്പരാഗത അറിവുകളുടെ സംരക്ഷണവും ഇതുവഴി നടക്കും.
ഊരാളി, മന്നൻ, മുതുവാൻ ഗോത്ര വിഭാഗങ്ങളാണ് ഈ പായ നിർമിക്കുന്നത്. പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടാണ് ഇതിനു കണ്ണാടിപ്പായ എന്ന പേര് വരാൻ കാരണമെന്നു കെഎഫ്ആർഐ ഗവേഷണ ശാസ്ത്രജ്ഞൻ എവി രഘു ടിഎൻഐഇയോട് പറഞ്ഞു. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും നിർമിക്കുന്നതിനുമൊക്കെ കഠിനാധ്വാനം വേണം. എന്നാൽ പായയ്ക്ക് ആവശ്യക്കാർ കുറവാണെന്നും വിപണി വരുമാനം കുറവാണെന്നും കെഎഫ്‌ആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇടുക്കിയിലെ ഗോത്ര സമൂഹങ്ങൾ പണ്ട് രാജാക്കൻമാർക്കും മറ്റു പ്രമുഖർക്കും വിശേഷ അവസരങ്ങളിൽ സമ്മാനമായി ഈ പായകൾ നൽകാറുണ്ടായിരുന്നു. 1976ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി അണക്കെട്ട് സന്ദർശിച്ചപ്പോൾ ഈ പായ സമ്മാനിച്ചിരുന്നു.
ഒരു കണ്ണാടിപ്പായ നിർമിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കും. മുള ശേഖരിക്കുന്നത് ഒരു ചടങ്ങാണ്. കാട്ടിലേക്കു പോകുന്നതും തിരിച്ചുമുള്ള യാത്ര ഒരു പകലും രാത്രിയും നീണ്ടു നിൽക്കുമെന്നു പായ നിർമിക്കുന്ന കുമാരിയമ്മ പറയുന്നു.
കണ്ണാടിപ്പായ നിർമാണം ആധുനികവത്കരിക്കുന്നതിനായി വെണ്മണിയിലെ ആദിവാസി കരകൗശല വിദഗ്ധർക്കു യന്ത്രങ്ങളും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി ഇവ നിർമിക്കുന്ന മുള സംരക്ഷിക്കാനുള്ള പദ്ധതിയും കെഎഫ്ആർഐ ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക