CPM party congress: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്; സിപിഎമ്മിൽ ആശയക്കുഴപ്പം

പാർട്ടിക്ക് ഈ വിഷയത്തിൽ യാതൊരു ബന്ധവുമില്ലെന്ന് പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം
Confusion in CPM over case involving CM's daughter
പാർട്ടി കോൺഗ്രസുകളുടെ സംക്ഷിപ്ത റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ച ലഘുലേഖ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പ്രകാശ് കാരാട്ടിന് കൈമാറുന്നുഫെയ്സ്ബുക്ക്
Updated on

മധുര: സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി കോൺ​ഗ്രസിനിടെ വന്ന കേസ് സംബന്ധിച്ചു കേരളത്തിലെ സിപിഎം പ്രതിനിധികൾ സംയുക്ത പ്രതിരോധം ഉയർത്താൻ ശ്രമിച്ചെങ്കിലും നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ പരസ്യമായി പുറത്തുവന്നിട്ടുണ്ട്.

പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിനൊപ്പം നിരവധി കേരള നേതാക്കളും ഇതിനെ രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പ്രതികരിച്ചു. എന്നാൽ പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം പാർട്ടിക്ക് ഈ വിഷയത്തിൽ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. എസ്‌എഫ്‌ഐഒ കേസുമായി ബന്ധപ്പെട്ട വ്യക്തികൾ നിയമപരമായ മാർഗം തിരഞ്ഞെടുക്കുമെന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പുറത്തുവന്നത്.

പാർട്ടി കോൺഗ്രസിനിടെ നടന്ന മാധ്യമ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകവേ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും മുഖ്യമന്ത്രിക്കുമെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് സലിം പറഞ്ഞു. ഇതിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ അന്വേഷണം നേരിടുന്നവർ നിയമപരമായ വഴിയ്ക്കു പോകും. അവർക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയോ ബന്ധപ്പെട്ട വ്യക്തിയോ നിയമപരമായ സഹായം തേടുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക്, ബന്ധപ്പെട്ട കക്ഷി കേസിൽ പോരാടുമെന്നും പാർട്ടി ഈ വിഷയത്തിൽ ഇടപെടില്ലെന്നും എന്ന വ്യക്തമായ സൂചനയാണ് സലിം നൽകിയത്.

കുടുംബാംഗങ്ങളെ മുൻനിർത്തി മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കാൻ കഴിയുമെന്ന് അവർ കരുതുന്നുവെങ്കിൽ തങ്ങൾ രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടാൻ തയ്യാറാണെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. പാർട്ടി കോൺഗ്രസ് പുരോഗമിക്കുന്ന സമയത്തുള്ള കേന്ദ്രത്തിന്റെ ഈ നീക്കം ഭരണകക്ഷിയായ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ നടപടിയായി പല നേതാക്കളും കാണുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നേതാക്കൾ പറയുന്നു.

ഈ നീക്കത്തിന് പിന്നിൽ മനഃപൂർവമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംശയം പ്രകടിപ്പിച്ചു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാരിനെതിരായ ഒരു സെഷനിൽ പങ്കെടുക്കുമ്പോഴാണ് എസ്‌എഫ്‌ഐഒ നടപടി ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുള്ള കരാറിൽ സഹായിക്കാൻ സർക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ ഈ വിഷയവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്നു മൂന്ന് വിജിലൻസ് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഹൈക്കോടതിയും ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എകെ ബാലൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിച്ച് രംഗത്തെത്തി. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എസ്‌എഫ്‌ഐ‌ഒ നീക്കം വന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

കേരള പാർട്ടി ഘടകം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നെങ്കിലും പാർട്ടിക്കുള്ളിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കേരള മോഡലിനെ ഒരു ബദലായി പാർട്ടി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് വാർത്തകളിൽ ഇടം നേടിയത് എന്നതും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com