
തിരുവനന്തപുരം: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന പാപ്പല്‍ കോണ്‍ക്ലേവിന് സമാനമായ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്, പഴയ അള്‍ത്താര ബാലനായ മറിയം അലക്‌സാണ്ടര്‍ ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെ 'പോപ്പ്' ആയി ബേബിയെത്തുമ്പോള്‍, കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സഭ ഏറെ ആഹ്ലാദിക്കുന്നു.
മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായുള്ള എം എ ബേബിയുടെ സ്ഥാനാരോഹണം കൊല്ലം കുണ്ടറയിലെ ഐപ്പുഴ പ്രാക്കുളത്തുള്ള അദ്ദേഹത്തിന്റെ ഇടവക സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച, കൊല്ലത്തെ രൂപതയില്‍, പുതിയ ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് ആഴത്തില്‍ ചര്‍ച്ച ചെയ്തു.
'ദൈവഭക്തനായ ഒരു ബാലനെന്ന നിലയില്‍ എംഎ ബേബി ശൈശവ കാലത്ത് പ്രാക്കുളത്തെ സെന്റ് എലിസബത്ത് പള്ളിയിലെ അള്‍ത്താര ബാലനായിരുന്നു.' ഇടവക വികാരി ഫാ. ജോ ആന്റണി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'അദ്ദേഹത്തിന്റെ പിതാവ് അലക്‌സാണ്ടറുടെ കുടുംബം അന്ന് ഈ ഇടവകയുടെ കീഴിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അദ്ദേഹം നിരീശ്വരവാദിയായി മാറിയെങ്കിലും, ഇപ്പോഴും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ പലരും കന്യാസ്ത്രീകളായും വികാരിമാരായും സഭയില്‍ ചേര്‍ന്നിട്ടുണ്ട്.
ബേബി പാര്‍ട്ടിയുടെ അടുത്ത ജനറല്‍ സെക്രട്ടറിയാകുമെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍, ഞായറാഴ്ച പള്ളിയിലെ ആരാധനയ്ക്ക് ശേഷം അല്‍മായര്‍സ് അദ്ദേഹത്തിന്റെ പുതിയ സ്ഥാനത്തെക്കുറിച്ചും സഭയുമായുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ബേബിയെ വിളിച്ച് പുതിയ സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കുകയും ചെയ്തു. പള്ളിയിലെ ശുശ്രൂഷകളില്‍ ബേബി പങ്കെടുത്തിരുന്നില്ലെങ്കിലും, വിവാഹ- ശവസംസ്‌കാര ചടങ്ങുകളില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഇടവക വികാരി പറഞ്ഞു.
150 വര്‍ഷം പഴക്കമുള്ള പള്ളിയുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. ജോ ആന്റണി ബേബിയെ ക്ഷണിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും ചടങ്ങ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്നുള്ള നേതാവിന്റെ സ്ഥാനലബ്ധിയോട് സഭ ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്നുള്ള ഒരു നേതാവ്, ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ തലത്തില്‍ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. 'മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്ന സമയത്ത്, ഒരു പാര്‍ട്ടി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നത് ഒരു നല്ല സന്ദേശമാണ്,' പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, തിരുവനന്തപുരം ലാറ്റിന്‍ കത്തോലിക്കാ രൂപതയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലത്തീന്‍ സഭയുടെ കൊല്ലം രൂപത ബേബിയുടെ സ്ഥാനാരോഹണത്തെ പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. 'ബേബിയെ തെരഞ്ഞെടുത്തത് സഭ ആസ്ഥാനത്ത് ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരിയുമായി സന്തോഷപൂര്‍വം ചര്‍ച്ച ചെയ്തിരുന്നതായി വികാരി ജനറല്‍ ഫാ. ബൈജു ജൂലിയന്‍ ടിഎന്‍ഐഇയോട് പറഞ്ഞു. ബേബിയെ തെരഞ്ഞെടുത്തതില്‍ ബിഷപ്പ് സന്തോഷം പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ബേബിയെ കാണും. സിപിഎമ്മിന് മറ്റേതെങ്കിലും നേതാവിനെ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അവര്‍ ബേബിയില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് വ്യക്തമായ ഒരു സന്ദേശമാണ്. സിപിഎമ്മിനോട് പല കാര്യങ്ങളിലും സഭയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഉപേക്ഷാ മനോഭാവമില്ല എന്നും വികാരി ജനറല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക