
കൊച്ചി: കൊച്ചി നഗരത്തില്‍ നിന്നും ഏറെ അലകലെയല്ലാതെ സ്ഥിതിചെയ്യുന്ന കിഴക്കമ്പലം ഗ്രാമത്തിലെ കടമ്പ്രയാര്‍ വളരെക്കാലമായി അവഗണിക്കപ്പെട്ടുകിടക്കുകയാണ്. കടമ്പ്രയാര്‍ കേന്ദ്രമാക്കി പരിസ്ഥിതി ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനങ്ങള്‍ ഇതുവരെ കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയായിരുന്നു. അവശേഷിക്കുന്നു. മരങ്ങളും മരതക പച്ചപ്പും നിറഞ്ഞ ഇവിടം മനോഹരമായ ദൃശ്യവിരുന്നാണ്. എന്നാല്‍ അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് കുറേക്കാലമായി സാമൂഹിക വിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയായിരുന്നു.
ഇപ്പോള്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ന്റെ നേതൃത്വത്തില്‍ കടമ്പ്രയാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി, അടിസ്ഥാന സൗകര്യങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുതകുന്ന പദ്ധതികളും നടപ്പാക്കാനൊരുങ്ങുന്നു. 1.2 കിലോമീറ്റര്‍ നടപ്പാത, ബോട്ടിംഗ് സെന്റര്‍, പരിസ്ഥിതി ടൂറിസം അധിഷ്ഠിത റെസ്‌റ്റോറന്റ്, ഓപ്പണ്‍ ജിം, കുട്ടികളുടെ കളിസ്ഥലം എന്നിവ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ജില്ലയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കടമ്പ്രയാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പുനരുജ്ജീവനത്തിന് മുന്‍കൈയെടുത്തത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനാണ്. ശ്രീനിജിന്റെ നേതൃത്വത്തിലുള്ള ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം, പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പദ്ധതിക്കായി നവകേരള സദസില്‍ 3.5 കോടി രൂപയുടെ പാക്കേജിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. അതിനുള്ള ഭരണാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം വകുപ്പില്‍ നിന്ന് 1 കോടി രൂപ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ബോട്ടിംഗ്, കയാക്കിംഗ്, മീന്‍പിടുത്തം തുടങ്ങിയ വിനോദ പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കും. കേബിള്‍ കാര്‍ പദ്ധതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ വണ്ടര്‍ല വാട്ടര്‍ തീം പാര്‍ക്കിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ഐടി ജീവനക്കാരെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അവര്‍ക്ക് അനുയോജ്യമായ ഒരു വിനോദ കേന്ദ്രമൊരുക്കുകയാണ് ലക്ഷ്യം. ഇന്‍ഫോപാര്‍ക്ക് ഘട്ടം3 പദ്ധതിയും ഈ പ്രദേശത്തിനടുത്താണ് വരുന്നത്,' ശ്രീനിജിന്‍ പറഞ്ഞു. ബോട്ടിംഗ്, കയാക്കിംഗ്, അടുത്തുള്ള ദ്വീപില്‍ തുറന്ന ഡൈനിംഗ് സൗകര്യങ്ങള്‍, അവിടേക്ക് ബോട്ടുകള്‍ വഴി ബന്ധിപ്പിക്കുക എന്നിവ മറ്റ് പ്രധാന ആകര്‍ഷണങ്ങളാകും.
'ഒരു മാസത്തിനുള്ളില്‍ ബോട്ടിംഗ് ആരംഭിക്കും. സന്ദര്‍ശകര്‍ക്ക് ഒരു സവിശേഷ അനുഭവം നല്‍കുന്നതിനായി ഞങ്ങള്‍ കൊറക്കിളുകള്‍, പെഡല്‍ ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവ സജ്ജമാക്കും. നിലവില്‍ ജലപാതയില്‍ കുളവാഴകള്‍ നിറഞ്ഞിരിക്കുകയാണ്. ഈ ആഴ്ച തന്നെ ഡ്രെഡ്ജിംഗ് ആരംഭിക്കും. ഇതു പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബോട്ടിംഗും കയാക്കിംഗും ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു.' ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മനയ്ക്കക്കടവിനെ പുതുശ്ശേരി കടവുമായി ബന്ധിപ്പിക്കുന്ന നടപ്പാത ഇതിനകം തന്നെ അവധി ദിവസങ്ങളില്‍ ധാരാളം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. രണ്ട് തൂക്കുപാലങ്ങളുള്ള നടപ്പാത പുനര്‍നിര്‍മ്മിക്കും, കൂടാതെ അലങ്കാര വിളക്കുകളും തെരുവ് വിളക്കുകളും ഉണ്ടായിരിക്കും. ഇതിനകം തന്നെ ധാരാളം പ്രഭാത നടത്തക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നു. രാവിലെ 6 മണിക്ക് തുറന്ന് രാത്രി 11 മണി വരെ തുറന്നിരിക്കുന്ന ഒരു റെസ്‌റ്റോറന്റ് പുതുശ്ശേരി കടവ് ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഭാത നടത്തക്കാര്‍ക്ക് ചായയും കാപ്പിയും കൂടാതെ ആരോഗ്യ പാനീയങ്ങളും വിവിധ ജ്യൂസുകളും വാങ്ങാനാകും.' ഡിടിപിസി സെക്രട്ടറി പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാത്തരം ഭക്ഷണസാധനങ്ങളും ലഭ്യമാകുന്ന തരത്തില്‍ റെസ്‌റ്റോറന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. സമീപത്തുള്ള ദ്വീപില്‍ വിപുലീകൃത ഡൈനിംഗ് സൗകര്യം ആരംഭിക്കുകയാണ്. സന്ദര്‍ശകരെ കണ്‍ട്രി ബോട്ടുകളില്‍ അവിടെ കൊണ്ടുപോകും.'ഹുക്ക്ഡ് & കുക്ക്ഡ്, റിവര്‍ഡൈന്‍' റെസ്‌റ്റോറന്റിന്റെ ഉടമ അമല്‍ ബി എച്ച് പറഞ്ഞു.
അതേസമയം സാമൂഹിക വിരുദ്ധരെ ചെറുക്കാന്‍, ജനകീയ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഡിടിപിസി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. രാത്രി പട്രോളിങ് നടത്താന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. അവിടെയുള്ള ഉയരമുള്ള പുല്ല് ഇതിനകം വെട്ടിമാറ്റിയിട്ടുണ്ട്. പ്രദേശത്തേക്കുള്ള പ്രവേശനം രാവിലെ 5 മുതല്‍ രാത്രി 11 വരെയായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ലിജോ ജോസഫ് പറഞ്ഞു.
2009 ലാണ് ഡിടിപിസി ആദ്യമായി കടമ്പ്രയാര്‍ ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പിന്നീട് പദ്ധതി മന്ദീഭവിക്കുകയായിരുന്നു. കാക്കനാടിനും പള്ളിക്കരയ്ക്കും ഇടയില്‍ വണ്ടര്‍ല വാട്ടര്‍ തീം പാര്‍ക്കിന് സമീപമാണ് കടമ്പ്രയാര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് എത്തിച്ചേരാന്‍ മൂന്നു മാര്‍ഗങ്ങളാണ് ഉള്ളത്. ഒന്ന് കുന്നത്തുനാട് പഞ്ചായത്തിലെ മനയ്ക്കക്കടവ്, രണ്ടാമത്തേത് കിഴക്കമ്പലം പഞ്ചായത്തിലെ പുതുശ്ശേരി കടവ്, മൂന്നാമത്തേത് ഇന്‍ഫോപാര്‍ക്ക് ബോട്ട് ജെട്ടി എന്നിവയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക