Arrest: കട്ടിലിന്റെ കാല്‍ ശബ്ദമുണ്ടാക്കാതെ ഉയര്‍ത്തി, വിലങ്ങുമായി കടന്നുകളഞ്ഞ പ്രതി ഒന്‍പതാം ദിവസം പിടിയില്‍; സംഭവം ഇങ്ങനെ

കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി.
accused who escaped with handcuffs was arrested on the ninth day
ആൽവിൻ
Updated on

തൃശൂര്‍: കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി. കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട രാസലഹരിക്കേസ് പ്രതിയെയാണ് വിപുലമായ അന്വേഷണത്തിന് ഒടുവില്‍ അറസ്റ്റ് ചെയ്തത്. മനക്കൊടി ചെറുവത്തൂര്‍ ആല്‍വിനാണ് (21) അറസറ്റിലായത്.

ബംഗളൂരുവിലെത്തിച്ച് 29നു തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആല്‍വിനുമായി രാത്രി തങ്ങിയത്. കാലില്‍ വിലങ്ങണിയിച്ചു കട്ടിലിനോടു ബന്ധിച്ചിരുന്നു. 11 മണിയോടെ പൊലീസുകാര്‍ ഉറക്കമായെന്നുറപ്പിച്ച ശേഷം ആല്‍വിന്‍ കട്ടിലിന്റെ കാല്‍ ശബ്ദമുണ്ടാക്കാതെ ഉയര്‍ത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാംനിലയില്‍ നിന്നു പൈപ്പ് വഴി ഊര്‍ന്നിറങ്ങുകയായിരുന്നു.

സമീപത്തെ കോളനിയില്‍ ഒന്നരമണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കെആര്‍ പുരത്തെത്തി. അപകടത്തില്‍പ്പെട്ടതാണെന്നും വീട്ടിലറിയിക്കാന്‍ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു. സഹോദരന്‍ ആഞ്ജലോയും ബന്ധു സാവിയോയും ചേര്‍ന്ന് ഉടന്‍ ബൈക്കിലും കാറിലുമായി ബെംഗളൂരുവിലേക്കു പുറപ്പെടുകയായിരുന്നു. സാവിയോയുടെ സഹോദരന്‍ ഗോഡ്വിന്‍ ബെംഗളൂരുവിലുണ്ടായിരുന്നതിനാല്‍ ഇയാള്‍ വശം ആല്‍വിനു ചെലവിനു പണം എത്തിച്ചു.

ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് ആല്‍വിനെ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ അതിവേഗം കേരളത്തിലെത്തിച്ചത്. മുറ്റിച്ചൂര്‍, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പൊലീസ് പിടിക്കുമെന്നു മനസിലാക്കി പൊന്നാനിയിലേക്കു കടന്ന ആല്‍വിന്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്.

70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആല്‍വിനും പ്രായപൂര്‍ത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂര്‍ പൊലീസാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ഹൊസൂര്‍ പൊലീസിനു കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com