kerala highcourt
ഹൈക്കോടതിഫയൽ

Pre-primary Teachers honorarium|പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വര്‍ധന: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

അപ്പീലില്‍ ജൂണ്‍ 23ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും
Published on

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ആണ് നടപടി.

അപ്പീലില്‍ ജൂണ്‍ 23ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഓണറേറിയം തുക സര്‍ക്കാര്‍ ഭരണതലത്തില്‍ തീരുമാനിക്കേണ്ടതാണെന്നും, വര്‍ധിപ്പിക്കണമെന്നു പറയാന്‍ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹര്‍ജി നല്‍കിയത്.

ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് വേതനം വര്‍ധിപ്പിച്ച് ഉത്തരവിട്ടത്. സര്‍ക്കാര്‍ നടത്തുന്ന പ്രീ-സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പള സ്‌കെയില്‍ ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നുമായിരുന്നു അസോസിയേഷന്റെ ആവശ്യം. ദൈനംദിന ചെലവുകളിലുണ്ടായ വര്‍ദ്ധനയടക്കം കണക്കിലെടുക്കുമ്പോള്‍ ശമ്പളം കൂട്ടേണ്ടതുണ്ടെന്നും കോടതി വിലയിരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com