
തൃശൂര്‍: 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം ചടങ്ങുകള്‍ക്ക് പ്രാധാന്യം ഏറെ. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തുന്നതോടെയാണ് ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുന്നത്. തേവര്‍ കൈതവളപ്പിലെത്തുന്നത് വരെ വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്.
കാശി വിശ്വനാഥക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആറാട്ടുപുഴ പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും. മുപ്പത്തിമുക്കോടി ദേവകളും യക്ഷഗന്ധര്‍വ്വ കിന്നരന്‍മാരും പരേതാത്മാക്കളും ഭൂലോക വൈകുണ്ഠ ദര്‍ശനത്തിനെത്തുമെന്നാണ് വിശ്വാസം. അത്താഴപൂജ നേരത്തെയാക്കി എല്ലാ ക്ഷേത്രങ്ങളും അടയ്ക്കും. കാശി വിശ്വനാഥ ക്ഷേത്രവും ഈ സമയത്ത് അടയ്ക്കും.
തൊട്ടിപ്പാള്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തില്‍ തിരിച്ചെത്തുകയും നിത്യപ്പൂജകള്‍, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതില്‍ കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളും. മേള പ്രമാണി പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടക്കും.
പഞ്ചാരിമേളം കൊട്ടി കലാശിച്ചാല്‍ എഴുന്നെള്ളി നില്‍ക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയില്‍ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവിന്റെ ഈ യാത്ര. മടക്കയാത്രയില്‍ ശാസ്താവ് നിലപാടുതറയില്‍ ഏവര്‍ക്കും ആതിഥ്യമരുളി നില്‍ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടു നില്‍ക്കാന്‍ ഉത്തരവാദിത്വമേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്‌ക്കെഴുന്നള്ളും.
രാത്രി 11 മണിയോടുകൂടി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടര്‍ന്ന് പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടത്തും.
തുടര്‍ന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം അന്തിക്കാട് ചൂരക്കോട് ഭഗവതിമാര്‍ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളും. 11ന് നെടടിശേരി ശാസ്താവ് എഴുന്നള്ളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക