

തിരുവനന്തപുരം: സപ്ലൈകോ അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്ക് നാളെ മുതല്‍ പുതിയ വില. നാലുമുതല്‍ പത്തുരൂപ വരെയുടെ കുറവുണ്ടാകും. സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഉത്സവ സീസണുകളില്‍ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷു-ഈസ്റ്റര്‍ കാലയളവിലും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിന്റെ സ്വാധീനം വലിയ തോതില്‍ അനുഭവപ്പെടേണ്ടതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടല്‍ കാരണം വിലക്കയറ്റത്തിന്റെ രൂക്ഷത കുറഞ്ഞ തോതിലാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുന്നതു കൊണ്ടാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തില്‍ അനുഭവപ്പെടാത്തത്.
പ്രതിമാസം 35 ലക്ഷത്തിലധികം ജനങ്ങള്‍ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്. സംസ്ഥാനത്ത് പഞ്ചായത്തില്‍ ഒന്ന് എന്ന രീതിയില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തില്‍ രണ്ടും മൂന്നും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സപ്ലൈകോ സ്ഥാപിതമായിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates