Thrissur Murder:'അമ്മയോട് പറയും', പ്രകോപിതനായി പ്രതി, കുളത്തിലേക്ക് തള്ളിയിട്ടു; ആറുവയസുകാരന്റെ കൊലപാതകത്തില്‍ പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ- വിഡിയോ

മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്.
Thrissur Murder
മരിച്ച ഏബൽ, പ്രതി ജോജോ ടിവി ദൃശ്യം
Updated on

തൃശൂര്‍: മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് പ്രതി ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ടെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായുള്ള പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തു. ഇക്കാര്യം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

'കുട്ടിയുടെ വീടിന്റെ അടുത്താണ് സംഭവം നടന്നത്. പ്രതി കസ്റ്റഡിയിലുണ്ട്. 22 വയസുള്ള ആളാണ്. ഇയാളുടെ വീടും തൊട്ടടുത്താണ്. കുട്ടികള്‍ എല്ലാം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിര്‍ത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായിട്ട് കുളത്തിലിട്ടാണ് കുട്ടിയെ പ്രതി കൊന്നത്.'- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.

'സംഭവം നടന്ന് അഞ്ചുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. ഇയാളും തിരച്ചിലിന് ഉണ്ടായിരുന്നു. മൃതദേഹം കിട്ടിയ ഭാഗത്തല്ല ഇയാള്‍ തിരച്ചില്‍ നടത്തിയത്. പ്രദേശം വിശാലമായ പാടമാണ്. ഇയാള്‍ മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തിയത്. പൊലീസിനെയും മറ്റുള്ളവരെയും വഴിതെറ്റിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇയാളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു സിസിടിവി ദൃശ്യം ലഭിച്ചു. കുട്ടിയും ഇയാളും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇയാള്‍ കുറ്റഃസമ്മതം നടത്തിയില്ല. കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം സമ്മതിച്ചെങ്കിലും കുട്ടി പിന്നീട് പോയി എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ട്.'- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അയല്‍വാസി കൂടിയായ ജോജോ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ആബേല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com