വെറ്ററിനറി സര്‍വകലാശാല വിസി നിയമനം: ഗവര്‍ണറുമായി ഇടയാനില്ല, തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

ഗവര്‍ണറുടെ പ്രതിനിധി ഇല്ലാതെ സെര്‍ച്ച് പാനല്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
Veterinary University VC appointment
വെറ്ററിനറി സര്‍വകലാശാല
Updated on

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 15 ന് വിസിമാരുടെ സാധ്യത ഷോര്‍ട്ട്ലിസ്റ്റുണ്ടാക്കാന്‍ നിശ്ചയിച്ചിരുന്ന പാനലിന്റെ യോഗം അനിശ്ചിതമായി നീട്ടിവെച്ചതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഗവര്‍ണറുടെ പ്രതിനിധി ഇല്ലാതെ സെര്‍ച്ച് പാനല്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിസി നിയമന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം, ഇഷ്ടത്തിനൊത്ത അക്കാദമിക് തെരഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. യുജിസി റെഗുലേഷന്‍സ് 2025 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇത് ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം.

സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി, കെവിഎഎസ്യു, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എന്നിവയുടെ പ്രതിനിധകളുണ്ട്. സെര്‍ച്ച് പാനലിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും ചാന്‍സലറുടെപ്രതിനിധിയെ നീക്കുകയും ചെയ്ത യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ച ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നിഷേധിച്ചതും ശ്രദ്ധേയമാണ്.

സ്വന്തം പ്രതിനിധി ഇല്ലാത്ത പാനല്‍ തെരഞ്ഞെടുക്കുന്ന വൈസ്ചാന്‍സലറെ ഗവര്‍ണര്‍ നിയമിക്കാന്‍ സാധ്യതയില്ലെന്നും ഈ വിഷയം രാജ്ഭവനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പിന്മാറ്റത്തിന് കാരണമെന്നും വൃത്തങ്ങള്‍ പറയുന്നു. അതേസമയം ചില 'നിയമപരമായ പ്രശ്‌നങ്ങള്‍' മൂലമാണ് ഈ തീരുമാനം എടുത്തതെന്ന് സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറായ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സംസ്ഥാന സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തുന്ന ബില്ലിന് അനുമതി നല്‍കാതിരിക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍, വ്യക്തത ഉണ്ടാകുന്നതുവരെ വിസി തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com