
കണ്ണൂര്‍: വിഷു തിരക്കിലമര്‍ന്ന് നാടും നഗരവും വിപണിയും. മധ്യ വേനലവധിയായതിനാല്‍ കുട്ടികളടക്കം കുടുംബങ്ങള്‍ ഒന്നാകെയാണ് വിപണികളില്‍ എത്തുന്നത്. ഇതുകൊണ്ട് തന്നെ തുണിക്കടകളിലും, ഗൃഹോപകരണ ഷോറൂമുകളിലും പഴം, പച്ചക്കറി കടകളിലും മണ്‍പാത്ര വിപണികള്‍ അടക്കമുള്ള വഴിയോര വിപണികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടും നഗര ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും വന്‍ ഗതാഗതക്കുരുക്കുമുണ്ട്.
കണി സാധനങ്ങള്‍ ശേഖരിക്കാനും വിഷു സദ്യ ഒരുക്കുന്നതിന്റെ ഭാഗവുമായാണ് പച്ചക്കറി ചന്തകളില്‍ തിരക്കുള്ളത്. കണി വെള്ളരിക്ക് മാത്രമായുള്ള വിപണികളിലും തിരക്ക് ഏറെയാണ്. കൃഷ്ണ വിഗ്രഹത്തിനും ഏറെ പേര്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെ വഴിയോര വിപണികളിലും തിരക്കുണ്ട്. പടക്ക വിപണികളില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ കൈത്തറി, ഖാദി മേളയിലും വ്യവസായ വകുപ്പിന്റെ മേളയിലുമെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുത്തന്‍ ഡിസൈനുകളോടെയാണ് ഖാദി വിഷുക്കോടി എത്തിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാണ് കലംകാരി സാരി. വിഷു പ്രമാണിച്ച് 1235 രൂപ വിലയുള്ള സാരി റിബേറ്റ് കഴിച്ച് 865 രൂപയക്കാണ് വില്‍ക്കുന്നത്. കോട്ടണ്‍ സാരികളും പയ്യന്നൂര്‍ പട്ട് സാരികളും ശേഖരത്തിലുണ്ട്. കൈത്തറി മേളയില്‍ വിഷു പ്രമാണിച്ച് 20 ശതമാനം റിബേറ്റിലാണ് വില്‍പന നടക്കുന്നത്.
കണി സാധനങ്ങള്‍ വയ്ക്കാനുള്ള മണ്‍പാത്രങ്ങള്‍ക്കുള്‍പ്പടെ 50 രൂപയില്‍ നിന്ന് തുടങ്ങി 500 രൂപയാണ് വില. കണ്ണൂര്‍ നഗരത്തില്‍ സ്റ്റേഡിയം കോര്‍ണറിലാണ് മണ്‍പാത്ര വിപണി സജീവമായിട്ടുള്ളത്. പടക്ക വിപണിയില്‍ പതിവ് പടക്കങ്ങള്‍ക്ക് പുറമേ പീകോക്, ഡ്രംസ്റ്റിക്, ഓള്‍ഡ് ഈസ് ബെസ്റ്റ്, ജില്‍ജില്‍ എന്നിങ്ങനെ പേരുള്ള പുതിയ പടക്കങ്ങളും എത്തിയിട്ടുണ്ട്.
വിവിധ പടക്കത്തിന്റെ 999 രൂപ വിലയുള്ള കിറ്റുകളും ഇത്തവണ വിപണിയില്‍ സജീവമാണ്. കണിവയ്ക്കുന്ന സമയം പുലര്‍ച്ചെ പൊട്ടിക്കാനുള്ള പടപട പടക്കത്തിന് മുന്‍ വര്‍ഷങ്ങളിലെ പോലെ ആവശ്യക്കാര്‍ ഏറെയാണ്. വിഷുക്കണി സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.07 നും 4.41 നും മധ്യേയാണ് മുഹൂര്‍ത്തം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക