സ്കൂൾ ബസിന് സൈഡ് കൊടുത്തില്ല; 6 മാസത്തിനു ശേഷം ഓട്ടോ വിളിച്ച് ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ

മംഗളൂർ റയാൻ ഇൻ്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്
kasaragod murder
പ്രതി അഭിഷേക് ഷെട്ടി, മരിച്ച മുഹമ്മദ് ഷരീഫ്
Updated on

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ അടക്കയിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂർ റയാൻ ഇൻ്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കർണാടക ഉഡുപ്പി മുൽക്കിയിലെ മുഹമ്മദ് ഷെരീഫി(58) ൻ്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാർ കിണറ്റിൽ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസർകോട് അഡീഷണൽ പൊലീസ് മേധാവി പി ബാലകൃഷ്ണൻ നായർ പറഞ്ഞു.

ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തൻ്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്കൂൾ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത്. ഹയർ സ്റ്റൈൽ മാറ്റിയതിനാൽ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂർ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടത്‌ കണ്ട നാട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി മുതൽ മുഹമ്മദ് ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുൽക്കി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച വിവരം മഞ്ചേശ്വരം പൊലീസിനും കൈമാറിയിരുന്നു.

വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കിണറിന് സമീപം ചോരപ്പാടുകളുണ്ടായിരുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിന് സമീപത്ത് ഇയാളുടെ ഓട്ടോറിക്ഷയും കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com