
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നടത്തി ആയിരങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചത്. വിഷുക്കണി ദര്‍ശനം അവസാനിച്ച 3.45 വരെയുള്ള ഒരു മണിക്കൂര്‍ നേരത്ത് ആയിരങ്ങളാണ് കണ്ണനെ കണ്ട് ദര്‍ശന സായൂജ്യം നേടിയത്.
ഞായറാഴ്ച രാത്രി തൃപ്പുകയ്ക്ക് ശേഷം കീഴ്ശാന്തിമാരാണ് കണിയലങ്കരിച്ചത്. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നിവ കൊണ്ടാണ് കണി ഒരുക്കിയത്. അലങ്കാരത്തോടെയുള്ള ശ്രീകൃഷ്ണന്റെ സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തിലാണ് ഒരുക്കിയത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മേല്‍ശാന്തി കണ്ണനെ കണി കാണിച്ച് ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.
വിഷു നാളില്‍ കാളന്‍, എരിശേരി, വറുത്തുപ്പേരി, ഇടിച്ചു പിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെയാണ് ദേവന് നമസ്‌കാര സദ്യ. വിഷു സദ്യ ഉണ്ണാനും ഗുരുവായൂരില്‍ ആയിരങ്ങള്‍ എത്തും. രാവിലെയും വൈകീട്ടും പെരുവനം സതീശന്‍ മാരാരുടെ മേളത്തോടെ കാഴ്ച ശീവേലി, സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്‍, പേരാമംഗലം ശ്രീക്കുട്ടന്‍ മാരാര്‍ എന്നിവരുടെ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക