'ആ പ്രശംസ ഒഴിവാക്കാമായിരുന്നു, ദിവ്യയ്ക്കു വീഴ്ച പറ്റി'; പ്രതികരിച്ച് ശബരീനാഥന്‍

'സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല'
K S Sabarinadhan, Divya S Iyer
കെ എസ് ശബരീനാഥൻ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയ
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നതിനോട് യോജിപ്പില്ലെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.

ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍, ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.

വിമര്‍ശനങ്ങളോട് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചിരുന്നു. താന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച്, കര്‍ണന് പോലും അസൂയ തോന്നും വിധം കെകെആര്‍ കവചം, കഠിനാധ്വാനത്തിന്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്ത് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com