
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഹിയറിങ്ങിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി. വൈകീട്ട് 4. 30 ന് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. വകുപ്പുതല നടപടിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ ഭാഗം കേള്‍ക്കാന്‍ കൂടിയായിട്ടാണ് ഹിയറിങ്ങിന് വിളിപ്പിച്ചത്.
ഹിയറിങ്ങിന്റെ വീഡിയോ റെക്കോഡ് ചെയ്യണമെന്നും, ലൈവ് സ്ട്രീമിങ് ചെയ്യണമെന്നും പ്രശാന്ത് ഉപാധികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി അതു തള്ളിയിരുന്നു. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ചീഫ് സെക്രട്ടറി ചോദിച്ചു. ഐഎഎസ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ള കാര്യമല്ലെന്നും വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി ശാരദ് മുരളീധരന്‍ പ്രശാന്തിന്റെ ആവശ്യം തള്ളിയത്.
അതിനിടെ, ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് ഇന്നും പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. അച്ചടക്ക നടപടിയില്‍ എന്റെ ഭാഗം ഒരു തവണയെങ്കിലും കേള്‍ക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് ആറു മാസമാവുന്നു. സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിങ്ങും സ്ട്രീമിങ്ങും ഉള്‍പ്പെടെ സുതാര്യമായ ഹിയറിങ്ങിന് അപേക്ഷിച്ചത്. ആറ് മാസത്തിന് ശേഷമാണെങ്കിലും എന്നെ കേള്‍ക്കാന്‍ സന്മനസ്സുണ്ടായതാണ് വലിയ കാര്യം. സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിയ്ക്കാണ്. എന്നാണ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അച്ചടക്ക നടപടിയിൽ എന്റെ ഭാഗം ഒരു തവണയെങ്കിലും കേൾക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുന്നു. ഞാൻ സമർപ്പിക്കുന്ന രേഖകൾ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോർഡിങ്ങും സ്ട്രീമിങ്ങും ഉൾപ്പെടെ സുതാര്യമായ ഹിയറിങ്ങിന് അപേക്ഷിച്ചത്. അതാദ്യം അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെ എനിക്ക് ലഭിച്ചു. സാരമില്ല. ആറ് മാസത്തിന് ശേഷമാണെങ്കിലും എന്നെ കേൾക്കാൻ സന്മനസ്സുണ്ടായതാണ് വലിയ കാര്യം.
ഫൈസി ഒന്ന് തിരിച്ച് ചിന്തിച്ചേ. ഇതേ വിഷയം ഞാനിനി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കൊണ്ട് പോയാൽ അവിടെ നടപടികൾ സുതാര്യമായി കാണാം. Open court ആണ്. ഹൈക്കോടതിയിൽ ഇതേ കേസ് കൊണ്ടു പോയാലോ, അവിടെയും ലൈവായി കാണാം. സുപ്രീം കോടതിയിൽ കേസെത്തിയാൽ അവിടെയും സുതാര്യമായി ആർക്കും നടപടികൾ കാണാം. എന്റെ ഉള്ളിൽ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. SC യെക്കാൾ പവർ CS നാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക