Why did Shine Tom Chacko escape by jumping out of the window?
ഷൈൻ ടോം ചാക്കോ ഫെയ്സ്ബുക്ക്

ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്തിന്? ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

നടനെ നോട്ടീസ് നൽകി വിളിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു
Published on

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നു രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടനെ നോട്ടീസ് നൽകി വിളിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി.

ഡ‍ാൻസാഫ് സംഘം ഹോട്ടലിലെത്തുമ്പോൾ ഷൈൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നതിന്റെ ഉത്തരം തേടിയാണ് പൊലീസ് നടനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ ബൈക്കിൽ ബോൾ​ഗാട്ടിയിൽ എത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കോമ്പൗണ്ടിനു പുറത്തെത്തിയ ഷൈൻ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത് എന്നു വ്യക്തമായിട്ടുണ്ട്. ബൈക്ക് ആരുടേതാണെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പൊലീസ് അന്വേഷിക്കും.

ബോൾ​ഗാട്ടിയിൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഷൈൻ മുറിയെടുത്തത്. അവിടെ നിന്നു പുലർച്ചെ മൂന്നരയോടെ തൃശൂർ ഭാ​ഗത്തേക്ക് പോയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. നേരത്തെ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട ഷൈന്‍ ടോം ചാക്കോ അടുത്തിടെയാണ് കുറ്റവിമുക്തനാക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com