

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പ്രതിസന്ധി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വറും, ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പിന്‍മാറാന്‍ തയ്യാറല്ലെന്ന സാഹചര്യവുമാണ് കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധി. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലമ്പൂരില്‍ തന്റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പി വി അന്‍വര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വ്യക്തമാക്കിയിരുന്നു. ജോയിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിലമ്പൂരില്‍ പരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പി വി അന്‍വര്‍ നല്‍കുന്നു. അന്‍വറിന്റെ നിലപാടില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും മുസ്ലീം ലീഗിനും അതൃപ്തിയുണ്ടാക്കിയുട്ടുണ്ട്.
എന്നാല്‍, വിഎസ് ജോയിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത് തിരിച്ചടിയുണ്ടാക്കുമെന്ന നിലയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ (എപി സുന്നികള്‍), കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പരമ്പരാഗത മുസ്ലിം സംഘടനകള്‍ സ്ഥാനാര്‍ഥിക്ക് എതിരെ തിരിയുമോ എന്നതാണ് പ്രധാന ആശങ്ക. ചില സമസ്ത നേതാക്കളുടെ പ്രതികരണങ്ങളും ഈ സൂചന നല്‍കുന്നു. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ നിബന്ധനകള്‍ കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുമോ എന്നാണ് സമസ്ത നേതാവിന്റെ പ്രതികരണം.
യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ ഇടപെടുന്നതാണ് മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ പ്രധാന കാരണം. നിലമ്പൂരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അന്‍വര്‍ മാത്രമാണ് കാരണക്കാരന്‍ എന്ന് മുതിര്‍ന്ന ലീഗ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
' നിലമ്പൂരില്‍ അന്‍വറിന് കുറച്ച് വോട്ടുകളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിക്കാന്‍ യുഡിഎഫ് തയ്യാറാണ്. എന്നാല്‍ ജോയിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായിരുന്ന എല്ലാ രാഷ്ട്രീയ മുന്‍തൂക്കവും അദ്ദേഹം നശിപ്പിച്ചു,' എന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മണ്ഡലത്തിലെ സാഹചര്യം പ്രതികൂലമാക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അന്‍വറിന്റെ നിലപാട് മാറ്റത്തോടെ ഒരിടവേളയ്ക്ക് ശേഷം മണ്ഡലം വീണ്ടും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. '' ഇപ്പോഴത്തെ ഈ തര്‍ക്കം ബാധിച്ചില്ലെങ്കില്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന് സുരക്ഷിതമായ ഒരു സീറ്റാണ്,'' ഒരു കെപിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സ്ഥാനാര്‍ഥിയായി മൂന്നാമത് ഒരു പേര് ഉള്‍പ്പെടെ എല്ലാ സാധ്യതയും പാര്‍ട്ടി പരിശോധിക്കുന്നതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. നിലമ്പൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും നൗഷാദ് അലിക്കുണ്ട്. '' മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളിലെ ജനപ്രിയ മുഖമാണ് കെ പി നൗഷാദ് അലി.
വി എസ് ജോയിക്കും ആര്യാടന്‍ ഷൗക്കത്തിനും പകരക്കാരന്‍ ആക്കാന്‍ കഴിയുന്ന വ്യക്തികൂടിയാണ് അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ വി എസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സ്ഥാനാര്‍ഥിയായെത്തിയാല്‍ എതിര്‍പക്ഷം മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ ഇടയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു. സമവായ സ്ഥാനാര്‍ഥിയായി മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്റെ പേരും ചര്‍ച്ചയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates