'ഞാനൊരു കമ്യൂണിസ്റ്റാണ്, കേരളത്തില്‍ നിന്നും വരുന്നു; ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകട്ടെ'

2018ലെ പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി. കേരളത്തെ സഹായിക്കാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു.
P Rajeev with the Pope
മാര്‍പാപ്പയ്‌ക്കൊപ്പം പി രാജീവ്‌
Updated on
1 min read

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. മാര്‍പ്പാപ്പയെ നേരിട്ട് കാണാനും സംസാരിക്കാനും ലഭിച്ച അവസരത്തെക്കുറിച്ചുള്ള ഓര്‍മകളാണ് മന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. മാര്‍പാപ്പയെ നേരില്‍ കണ്ടപ്പോള്‍ 'ഞാനൊരു കമ്യൂണിസ്റ്റാണ്. കേരളത്തില്‍നിന്നും വരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. അപ്പോള്‍ മറുപടിയായി ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് ഒരു ജപമാല തനിക്ക് മാര്‍പാപ്പ സമ്മാനിച്ചതായും പി രാജീവ് കുറിച്ചു.

'ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാര്‍ കവര്‍ന്നെടുത്തുവെന്നും പോപ്പ് ഫ്രാന്‍സിസ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ അംഗീകരിക്കുകയും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രവൃത്തികളില്‍ അദ്ദേഹം സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്'- കുറിപ്പില്‍ പറയുന്നു.

പി രാജീവിന്റെ കുറിപ്പ്

പോപ്പ് ഫ്രാന്‍സിസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. അന്ന്

'ഞാനൊരു കമ്യൂണിസ്റ്റാണ്. കേരളത്തില്‍നിന്നും വരുന്നു' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ സംഭാഷണം ആരംഭിച്ചപ്പോള്‍ ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഒരു ജപമാല എനിക്ക് സമ്മാനിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന 'karl Marx's capital and Present' എന്ന പുസ്തകമായിരുന്നു തിരികെ ഞാന്‍ അദ്ദേഹത്തിന് നല്‍കിയത്. നിരവധി തവണ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു ആ പുസ്തകത്തിലും ഉണ്ടായിരുന്നത്. ആ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം 'അര്‍ജന്റീനയിലെ ജീവിതത്തില്‍ താന്‍ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹത്തിനോട് കൂടുതല്‍ താല്‍പര്യം സൃഷ്ടിച്ചു. 2018ലെ പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി. കേരളത്തെ സഹായിക്കാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

സമീപകാലത്താണ് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചത്. യുദ്ധങ്ങളെക്കുറിച്ചും യുദ്ധക്കൊതിയന്മാരെക്കുറിച്ചുമെല്ലാം അദ്ദേഹം 'ഹോപ്പ്' എന്ന പേരില്‍ എഴുതിയ ആത്മകഥയില്‍ എഴുതിയിരിക്കുന്നു. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാര്‍ കവര്‍ന്നെടുത്തുവെന്നും പോപ്പ് ഫ്രാന്‍സിസ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ അംഗീകരിക്കുകയും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രവൃത്തികളില്‍ അദ്ദേഹം സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. സമ്പന്നരുടെ മാത്രമായി ഈ ലോകം മാറുന്നുവെന്നതും നമുക്കിടയില്‍ മതസ്പര്‍ധ ശക്തിപ്പെടുന്നുവെന്നതുമുള്‍പ്പെടെ എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ആത്മകഥയില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. ആര്‍ക്കൊപ്പമായിരുന്നു അദ്ദേഹം എന്ന ചോദ്യത്തിന് അനീതിക്കിരയാകുന്ന എല്ലാവര്‍ക്കും കൈ ഉയര്‍ത്തി എനിക്കൊപ്പമായിരുന്നു അദ്ദേഹം എന്ന് മറുപടി നല്‍കാന്‍ സാധിക്കും വിധത്തിലൊരു ജീവിതം പോപ്പ് ഫ്രാന്‍സിസ് ജിവിച്ചു. ഒരുതവണയേ കണ്ടുള്ളൂ എങ്കില്‍ കൂടി കൂടിക്കാഴ്ചയില്‍ ചേര്‍ത്തുപിടിച്ച കൈകളിലും പുഞ്ചിരിയുള്ള മുഖത്തും ആ സ്‌നേഹം എനിക്കും മനസിലാക്കാന്‍ സാധിച്ചിരുന്നു. വിട...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com